വെനസ്വേലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രതിസന്ധിയെത്തുടര്‍ന്ന് ബൊളിവേറിയന്‍ നാഷണല്‍ ഗാര്‍ഡിന്റെ (ജി. എന്‍. ബി.) ഉദ്യോഗസ്ഥര്‍ സുലിയ സംസ്ഥാനത്തെ മച്ചിക്വസ് പട്ടണത്തില്‍നിന്നുള്ള ഫാ. എല്‍വിസ് കബാര്‍ക്കയെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ സാന്‍ ബെനിറ്റോ ചാപ്പലില്‍ പ്രാര്‍ഥന നടത്തുന്നതിനിടെയാണ് വൈദികനെ അറസ്റ്റ് ചെയ്തതെന്ന് വെനസ്വേലന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകപക്ഷീയമായ തടങ്കലുകള്‍ കൂടുതല്‍ സാധാരണമായിരിക്കുന്ന വെനസ്വേലയിലെ മനുഷ്യാവകാശസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ പുതിയ തെളിവാണ് ഈ സംഭവം. ജി. എന്‍. ബി. ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഫാ. കബാര്‍ക്ക, ചാപ്പലില്‍ ജപമാലപ്രാര്‍ഥനയില്‍ പങ്കെടുക്കുകയായിരുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെ അദ്ദേഹം ഒരു പിക്കപ്പ് ട്രക്കില്‍ കയറി. എങ്കിലും, ഫാ. കബാര്‍ക അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ അറസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അതിവേഗം പ്രചരിക്കുകയും തങ്ങളുടെ വൈദികനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മച്ചിക്വസിലെ ജി. എന്‍. ബി. ആസ്ഥാനത്ത് ഇടവകക്കാര്‍ ഒത്തുകൂടുകയും ചെയ്തിരിക്കുകയാണ്.
ക്രൈസ്തവസമൂഹത്തെ സംബന്ധിച്ച് ഫാ. കബാര്‍ക്കയുടെ അറസ്റ്റ് ആശങ്കാജനകമാണ്. കാരണം, സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ സാധാരണ രാഷ്ട്രീയമേഖലകള്‍ക്കപ്പുറം മതസമൂഹങ്ങളിലേക്കും വ്യാപിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.