ലെബനനിലെ ക്വാലിയ ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മരോണൈറ്റ് കത്തോലിക്കാ വൈദികനായ ഫാ. പിയറി അൽ റാഹി കൊല്ലപ്പെട്ടു. പരിക്കേറ്റ തന്റെ ഇടവകാംഗത്തെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് 50 വയസ്സുകാരനായ ഈ വൈദികൻ കൊല്ലപ്പെട്ടത്. മാർച്ച് ഒൻപതിന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു സംഭവം.
ക്വാലിയ ഗ്രാമത്തിലെ ഒരു വീടിനു നേരെ നടന്ന ആദ്യത്തെ ബോംബാക്രമണത്തിൽ ഒരു ഇടവകാംഗത്തിന് പരിക്കേറ്റിരുന്നു. ഇതറിഞ്ഞ ഫാ. പിയറി പരിക്കേറ്റയാളെ സഹായിക്കാനായി ഉടൻതന്നെ സ്ഥലത്തെത്തി. എന്നാൽ, അദ്ദേഹം അവിടെയുള്ളപ്പോൾത്തന്നെ അതേ സ്ഥാനത്ത് രണ്ടാമതും ബോംബാക്രമണം ഉണ്ടാവുകയും ഫാ. പിയറിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേഖലയിൽ നിന്ന് ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വിശ്വാസികളെ ഉപേക്ഷിച്ചുപോകാൻ ഫാ. പിയറി തയ്യാറായിരുന്നില്ല. “ഞങ്ങൾ സമാധാനാകാംക്ഷികളാണ്. ഞങ്ങളുടെ മണ്ണിൽ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന് മരിക്കുന്നതിന് ഒരു ദിവസം മുൻപ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഫാ. പിയറിയുടെ മരണത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുട്ടികളടക്കം യുദ്ധത്തിൽ കൊല്ലപ്പെട്ട നിരപരാധികൾക്കും മറ്റുള്ളവരെ സഹായിക്കുന്നതിനിടെ ജീവൻ വെടിഞ്ഞ ഫാ. പിയറിയെപ്പോലെയുള്ളവർക്കും വേണ്ടി താൻ പ്രാർഥിക്കുന്നുവെന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

