Monday, November 25, 2024

കലാപവും അക്രമവും; ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചു; കൂടുതല്‍ മന്ത്രിമാര്‍ രാജിവച്ചേക്കും

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചു. രജപക്‌സെ അനുകൂലികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് രാജി. മഹിന്ദയെ പിന്തുടര്‍ന്ന് കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മന്ത്രിമാര്‍ രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ മഹീന്ദ അനുകൂലികള്‍ നടത്തിയ അക്രമത്തെ പ്രസിഡന്റും മഹീന്ദയുടെ സഹോദരനുമായ ഗോട്ടബായ രജപക്‌സെയും തള്ളിപ്പറഞ്ഞിരുന്നു.

കൊളംബോയില്‍ മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിന് സമീപമായിരുന്നു പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം. ടെന്റ് അടിച്ച് ഒത്തുകൂടിയ പ്രതിഷേധക്കാര്‍, സമരവേദിയായ മൈനഗോഗാമയ്ക്ക് മുന്നിലാണ് കയ്യേറ്റം ചെയ്യപ്പെട്ടത്. ആക്രമണത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവിന് നേരെയും ആക്രമണം ഉണ്ടായി. ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തു. ഇവരെ തുരത്താന്‍ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു. പോലീസ് തീര്‍ത്ത ബാരിക്കേഡ് മറികടന്നെത്തിയാണ് മഹിന്ദ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചത്. വടികളുമായി എത്തിയ സര്‍ക്കാര്‍ അനുകൂലികള്‍ നിരായുധരായ പ്രതിഷേധക്കാരെ തല്ലി ഓടിക്കുകയായിരുന്നു. പൊലീസിന് കാഴ്ചക്കാരാകേണ്ടി വന്നു.

പിന്നീട് കലാപത്തെ നേരിടാന്‍ പരിശീലനം ലഭിച്ച പ്രത്യേക സേന രംഗത്തിറങ്ങിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. തൊട്ടുപിന്നാലെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇത് പിന്നീട് രാജ്യത്ത് എല്ലായിടത്തും ബാധകമാക്കി. മഹിന്ദ പ്രധാനമന്ത്രി പദം ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു ഈ ആക്രമണം. ആക്രമണത്തെ പ്രസിഡന്റ് തള്ളിപ്പറഞ്ഞതോടെയാണ് പിടിവള്ളി നഷ്ടപ്പെട്ട് മഹിന്ദയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്.

പ്രധാനമന്ത്രി രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയിലാരംഭിച്ച കലാപം രാജ്യത്തിന്റെ കൂടുതലിടങ്ങളിലേക്ക് നീങ്ങുകയാണ്. സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രിയടക്കം ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പലയിടത്തും സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ദേശവ്യാപക കര്‍ഫ്യു നാളെ വരെ നീട്ടി.

കര്‍ഫ്യു പ്രഖ്യാപിച്ചിട്ടും ആയിരങ്ങള്‍ തെരുവില്‍ തുടരുകയാണ്. പ്രസിഡന്റ് ഗോതബായ രജപക്‌സേയും രാജിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ആവശ്യം. മഹിന്ദ രജപക്‌സേയുടെ വസതി ഉള്‍പ്പെടെ നിരവധി ഭരണപക്ഷ നേതാക്കളുടെ വീടുകള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കി. രാജ്യത്തിന്റെ പല ഭാഗത്തും പൊലീസും സമരക്കാരും തമ്മിലും അതിരൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് ശ്രീലങ്കയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെയും കെഗല്ലയില്‍ എംപി മഹിപാല ഹെറാത്തിന്റെയും വീടുകള്‍ക്കാണ് പ്രതിഷേധക്കാര്‍ തീവെച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. മുന്‍ മന്ത്രി നിമല്‍ ലന്‍സയുടെ വീടും അഗ്‌നിക്കിരയാക്കി. മറ്റൊരു എംപിയായ അരുന്ദിക ഫെര്‍ണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചു.

 

Latest News