പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ഉൾപ്പെടുന്ന രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ എത്തിച്ചേർന്നു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാൻസിലേക്കുള്ള ഇപ്പോഴത്തെ സന്ദർശനത്തിനുശേഷമാണ് അദ്ദേഹം അമേരിക്കയിലേക്കു പോയത്. ട്രംപ് അധികാരമേറ്റതിനുശേഷം അമേരിക്ക സന്ദർശിക്കുന്ന ആദ്യത്തെ ആഗോളനേതാക്കളിൽ ഒരാളാണ് മോദി. പൊതുവായ താൽപര്യമുള്ള നിരവധി മേഖലകളിൽ പുതിയ ഭരണകൂടവുമായി ബന്ധപ്പെടാൻ ഈ സന്ദർശനം ഒരു പ്രധാന അവസരം നൽകുന്നുവെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ട്രംപിന്റെ ക്ഷണത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ യു എസ് സന്ദർശനം, ഇന്ത്യ – യു എസ് ബന്ധങ്ങളുടെ പ്രാധാന്യം പ്രകടമാക്കുകയും യു എസിൽ ഈ പങ്കാളിത്തം ആസ്വദിക്കുന്ന ഉഭയകക്ഷി പിന്തുണയെ സൂചിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഫെബ്രുവരി ഏഴിനു നടന്ന പത്രസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഊന്നിപ്പറഞ്ഞു.
യു എസിലെ ബിസിനസ്സ് നേതാക്കളുമായും ഇന്ത്യൻ പ്രവാസികളുമായും മോദി നടത്തുന്ന ഇടപെടലുകളും യാത്രാപരിപാടിയിൽ ഉൾപ്പെടുന്നു. നിയന്ത്രിതവും പ്രതിനിധിതലത്തിലുള്ളതുമായ ഫോർമാറ്റുകളിൽ പ്രധാനമന്ത്രി, പ്രസിഡന്റ് ട്രംപുമായി ചർച്ചകൾ നടത്തും. വിവിധ ഉഭയകക്ഷി വിഷയങ്ങൾ അഭിസംബോധന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, പ്രാദേശിക – അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇരുരാജ്യങ്ങളുടെയും കാഴ്‌ചപ്പാടുകളും ചർച്ചയിൽ പ്രതീക്ഷിക്കുന്നു.
വാണിജ്യം, പ്രതിരോധം, സാങ്കേതിക കൈമാറ്റം, ഭീകരതയ്‌ക്കെതിരായ പോരാട്ടം, ഇന്തോ – പസഫിക് സുരക്ഷ, സാംസ്കാരിക വിനിമയങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി ഇരുരാജ്യങ്ങളും പങ്കിടുന്ന പരസ്പര താൽപര്യങ്ങളും വിദേശകാര്യ സെക്രട്ടറി എടുത്തുപറഞ്ഞു.