Tuesday, November 26, 2024

ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഐസ്ലന്‍ഡ്, നോര്‍വേ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഐസ്ലന്‍ഡ്, നോര്‍വേ പ്രധാനമന്ത്രിമാരുമായാണ് നരേന്ദ്രമോദി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. ആഗോള തലത്തിലെ വിഷയങ്ങളിലും പരസ്പര സഹകരണത്തിന്റെ കാര്യത്തിലുള്ള ചര്‍ച്ചകളുമാണ് പ്രധാനമായും നടന്നത്.

കോപ്പന്‍ഹേഗനില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിനുമായി കൂടിക്കാഴ്ച നടത്തിയത്. നിര്‍മ്മിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ്, ഭാവി മൊബൈല്‍ സാങ്കേതികവിദ്യകള്‍, ക്ലീന്‍ ടെക്‌നോളജികള്‍, സ്മാര്‍ട്ട് ഗ്രിഡുകള്‍ തുടങ്ങിയ പുതിയതും വളര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ മേഖലകളില്‍ സഹകരണം വിപുലീകരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ കമ്പനികളുമായി പങ്കാളിത്തത്തിനും ഇന്ത്യന്‍ വിപണി നല്‍കുന്ന വലിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി ഫിന്നിഷ് കമ്പനികളെ ക്ഷണിച്ചു.

സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്‌സണുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതി വിലയിരുത്തി. ലീഡ് ഐടി സംരംഭം കൈവരിച്ച പുരോഗതിയിലും അവര്‍ സംതൃപ്തി രേഖപ്പെടുത്തി. നവീകരണം, കാലാവസ്ഥാ സാങ്കേതികവിദ്യ, കാലാവസ്ഥാ പ്രവര്‍ത്തനം, ഹരിത ഹൈഡ്രജന്‍, ബഹിരാകാശം, പ്രതിരോധം, സിവില്‍ വ്യോമയാനാം, ആര്‍ട്ടിക്, ധ്രുവ ഗവേഷണം, സുസ്ഥിര ഖനനം, വ്യാപാരം, സാമ്പത്തിക ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ഐസ്ലന്‍ഡ് പ്രധാനമന്ത്രി കാട്രിന്‍ ജേക്കബ്‌സ്ഡോട്ടിറുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വര്‍ഷം ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജിയോതെര്‍മല്‍ എനര്‍ജി, സമുദ്ര സമ്പദ്ഘടന, ആര്‍ട്ടിക്, പുനരുപയോഗ ഊര്‍ജം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്‌കരണം, ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി ജേക്കബ്‌സ്ദോത്തിറിന്റെ വ്യക്തിപരമായ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇക്കാര്യത്തില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ കുറിച്ച് അവരെ ധരിപ്പിക്കുകയും ചെയ്തു.

നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറും നരേന്ദ്ര മോദിയും ഉഭയകക്ഷി ബന്ധങ്ങളിലെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. സഹകരണത്തിന്റെ ഭാവി മേഖലകളെക്കുറിച്ച് ചര്‍ച്ചയും നടത്തി. നീല സമ്പദ്വ്യവസ്ഥ, പുനരുപയോഗ ഊര്‍ജം, ഹരിത ഹൈഡ്രജന്‍, സൗരോര്‍ജ്ജ, കാറ്റ് പദ്ധതികള്‍, ഗ്രീന്‍ ഷിപ്പിംഗ്, ഫിഷറീസ്, ജല മാനേജ്മെന്റ്, മഴവെള്ള സംഭരണം, ബഹിരാകാശ സഹകരണം, ദീര്‍ഘകാല അടിസ്ഥാന സൗകര്യ നിക്ഷേപം, ആരോഗ്യം, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

 

Latest News