Sunday, November 24, 2024

2040 ഓടെ മനുഷ്യരെ ചന്ദ്രനില്‍ എത്തിക്കുമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി

മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനുള്ള ശ്രമം 2040 ഓടെ പൂര്‍ത്തിയാകുമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഗഗൻയാൻ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ അദ്ദേഹം ഐഎസ്ആർഒയ്ക്ക് നൽകി.

2025 ആകുമ്പോഴേയ്ക്കും ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം നടത്തുകയാണ് ലക്ഷ്യമെന്ന് യോഗം വിലയിരുത്തി. ഇവയുടെ പരീക്ഷണ ദൗത്യം ഈ ശനിയാഴ്ച നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ രാവിലെ 7 മുതൽ 9 വരെയാണ് പരീക്ഷണം. മനുഷ്യ സംഘത്തെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ പദ്ധതി.

2035ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040ഓടെ ചന്ദ്രനിൽ ആദ്യ ഇന്ത്യക്കാരനെ എത്തിക്കാനുമുള്ള പുതിയ സ്വപ്നങ്ങളിലേക്ക് നാം യാത്ര തുടങ്ങണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി ബഹിരാകാശ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഗഗൻയാൻ ദൗത്യം വിജയിച്ചാൽ, അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Latest News