Monday, November 25, 2024

ഫ്രാന്‍സിലും യുപിഐ ഇടപാട് ലഭ്യമാക്കുമെന്ന് പ്രധാനമന്തി നരേന്ദ്ര മോദി

സിംഗപ്പൂരിന് പിന്നാലെ ഫ്രാൻസും ഇന്ത്യയുമായി യുപിഐ സംവിധാനത്തിൽ കൈകോർക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന പാരീസ് സന്ദർശനത്തിന്‍റെ ഭാഗമായാണ് യു.പി.ഐ സംവിധാനം ഫ്രാന്‍സിലും ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. പാരീസില്‍ ഇന്ത്യൻ പൗരന്മാരോട് സംസാരിക്കവെ പ്രധാനമന്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

“ഇന്ത്യയുടെ ഏറ്റവും വിജയകരമായ പേയ്‌മെന്റ് സംവിധാനമായ യുപിഐ ഇനി മുതല്‍ ഫ്രാൻസില്‍ ലഭ്യമാക്കാന്‍ ശ്രമിക്കും. യുപിഐ പണമിടപാട് നടത്താനുള്ള സൗകര്യം ആദ്യം ഈഫൽ ടവറിൽ നിന്ന് ആരംഭിക്കും. യുപിഐ ലഭ്യമാക്കുന്നതോടെ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇത് ഏറെ ഉപകാരപ്പെടും.” പ്രധാനമന്ത്രി ഇന്ത്യൻ പൗരന്മാരെ അഭിസംബോധന ചെയ്തു പറഞ്ഞു. ഫ്രാൻസിലെ മാഴ്‌സെയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി യൂറോപ്യൻ രാജ്യത്ത് ബിരുദാനന്തര ബിരുദം ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഇനി അഞ്ച് വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഫ്രാൻസിലെ പ്രധാന പേയ്മെന്‍റ് ഇന്‍റർഫേസായ ലിറയുമായി യു.പി.ഐയെ ബന്ധിപ്പിക്കാന്‍ മാക്രോൺ സർക്കാർ തീരുമാനമെടുക്കുകയാണെങ്കിൽ യു.പി.ഐ സംവിധാനം വരുന്ന ആദ്യ യുറോപ്യന്‍ രാജ്യമായി ഫ്രാന്‍സ് മാറും. പാരിസിൽ വെച്ച് ഈ സംവിധാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടുമെന്നാണ് വിവരമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്. നേരത്തെ ഇന്ത്യയുടെ യു.പി.ഐയും സിംഗപ്പൂരിന്റെ പേയ്‌നൗവും കരാറിൽ ഒപ്പുവച്ചിരുന്നു. ഇതിലൂടെ ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് വേഗമേറിയതും ചെലവ് കുറഞ്ഞതുമായ ഡിജിറ്റൽ പേയ്മെന്റ് സൗകര്യം ലഭ്യമായിരുന്നു.

Latest News