പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു. അഹമ്മദാബാദിലെ യു എൻ മേത്ത ആശുപത്രിയിലായിരുന്നു അന്ത്യം.
ശരീരകാസ്വസ്ഥതകളെ തുടർന്ന് ഹീരാബെന്നിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗാവസ്ഥയിലായ അമ്മയെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആശുപത്രിയിൽ എത്തി കണ്ടിരുന്നു.
മരണവാർത്ത അറിഞ്ഞു മോദി അഹമ്മദാബാദിലേക്ക് തിരിച്ചു. മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വര പാദങ്ങളിലേക്ക് യാത്രയായെന്നായിരുന്നു അമ്മയുടെ മരണത്തെ കുറിച്ച് മോദി പ്രതികരിച്ചത്. മോദി അമ്മയെ സന്ദർശിച്ച അവസരത്തിൽ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നുവെന്നായിരുന്നു ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് പുലർച്ചയോടെ ആരോഗ്യ നില മോശമായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.