പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം പൂര്‍ത്തിയാക്കി തിരികെയെത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
മെയ് 28ന് പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്താനിരിക്കെ രാജ്യത്തെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഗുരുതരമായ പ്രൊട്ടോക്കോള്‍ ലംഘനം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണം. ജപ്പാന്‍, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ത്രിരാഷ്ട്ര പര്യടനത്തിലായിരുന്ന മോദി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശേഷമാണ് പ്രതിപക്ഷത്തിന്‍റെ ബഹിഷ്കരണത്തിനെതിരെ തുറന്നടിച്ചത്.
‘ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് മാത്രമല്ല, രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാക്കളും ഉള്‍പ്പടെയുള്ളവര്‍ തങ്ങളുടെ രാഷ്ട്രത്തിനുവേണ്ടി ഒരുമിച്ചുണ്ടായിരുന്നു’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലഭ്യമായ മുഴുവന്‍ സമയവും രാജ്യത്തിന്റെ നന്മയ്ക്കായി ഏറ്റവും മികച്ച രീതിയില്‍ വിനിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, രാഷ്ട്രപതിയെ മറികടന്ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി.
ലോക്സഭ സെക്രട്ടേറിയറ്റ് ഭരണഘടനാ ലംഘനം നടത്തിയെന്നാണ് ഹർജികളിലെ ആരോപണം. അതിനാല്‍ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ത്യയുടെ രാഷ്ട്രപതി നിർവഹിക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു.