വലിയ വിവാദങ്ങള്‍ക്കുശേഷം ഹാരി രാജകുമാരന്റെ ആത്മകഥ, ‘സ്‌പെയര്‍’ യുകെയില്‍ വില്‍പ്പനയ്‌ക്കെത്തി. ബ്രിട്ടീഷ് രാജകുടുംബത്തിന് വലിയ നാണക്കേട് സമ്മാനിച്ചാണ് പുസ്തകം വിപണിയിലെത്തിയത്. എങ്കിലും വലിയ സ്വീകരണമാണ് ‘സ്‌പെയറി’ന് ലഭിച്ചത്. പുസ്തകത്തിനായി അര്‍ധരാത്രി പോലും ചില യുകെ സ്‌റ്റോറുകള്‍ തുറന്നു.
പുസ്തകത്തിന്റെ 25 ലക്ഷം കോപ്പിയാണ് പ്രസാധകര്‍ മുന്‍കൂട്ടി വിതരണത്തിന് തയാറാക്കിയിരിക്കുന്നത്. ഇതിനായി ഏകദേശം 16 കോടി രൂപ ഹാരിക്ക് അഡ്വാന്‍സായി പ്രസാധകര്‍ നല്‍കിയിട്ടുമുണ്ട്.
പിതാവ് ചാള്‍സ്, മാതാവ് ഡയാന, സഹോദരന്‍ വില്യം എന്നിവരെക്കുറിച്ചെല്ലാം പുസ്തകത്തില്‍ ഹാരി പറയുന്നുണ്ട്. കുട്ടിക്കാലത്ത് നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ചും പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഭാര്യ മേഗനെക്കുറിച്ച് സംസാരിച്ചപ്പോള്‍ വില്യം തന്നെ ശാരീരികമായി ആക്രമിച്ചെന്ന വെളിപ്പെടുത്തലടക്കം പല പരാമര്‍ശങ്ങളും വിവാദമായിരുന്നു.
മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അഫ്ഗാനിസ്ഥാനിലെ സൈനിക സേവനത്തിനിടെ 25 പേരെ കൊലപ്പെടുത്തിയ അവകാശവാദവും ആത്മകഥയിലുണ്ട്.