ഗവര്‍ണര്‍മാരെ പിരിച്ചു വിടാന്‍ നിയമസഭയില്‍ അധികാരം നല്‍കുന്ന ബില്ല് രാജ്യ സഭയില്‍ ചര്‍ച്ച ചെയ്തു. സിപിഐഎം രാജ്യസഭാ അംഗം ഡോ.വി ശിവദാസന്‍ ആണ് ബില്‍ അവതരിപ്പിച്ചത്. ചര്‍ച്ചയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ശിവദാസന്‍ എംപി രൂക്ഷമായി വിമര്‍ശിച്ചു. ബില്ലിനെ സിപിഐ എം പി, പി സന്തോഷ് കുമാര്‍ പിന്തുണച്ചില്ല. ഗവര്‍ണര്‍ 360 ആം വകുപ്പ് പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥക്കു ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചാല്‍ അത് തീക്കളിയാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
നിയമസഭയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള പ്രമേയത്തിലൂടെ ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം, ഗവര്‍ണറെ എംഎല്‍മാരും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനം തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ അടങ്ങിയിട്ടുള്ളത്. ബില്‍ അവതരിപ്പിച്ച ഗവര്‍ണര്‍മാര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ശിവദാസന്‍ എംപി ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ആയുധമായി മാറുകയാണ് ഗവര്‍ണര്‍മാര്‍. ഗവര്‍ണര്‍മാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്നും ശിവദാസന്‍ എംപി ആരോപിച്ചു. കേരള ഗവര്‍ണറെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ബില്ലിനെ പിന്തുണക്കിലെന്നും, ഗവര്‍ണര്‍ പദവി തന്നെ ഒഴിവാക്കണമെന്നാണ് തന്റെ പാര്‍ട്ടിയുടെ നിലപാടെന്നും സിപിഐ എം പി, പി സന്തോഷ് കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞു. ഗവര്‍ണര്‍ 360 ആം വകുപ്പ് പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥക്കു ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചാല്‍ അത് തീക്കളിയാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ മറയാക്കി ഗവര്‍ണര്‍ ഇടപെടാന്‍ നോക്കിയാല്‍ സര്‍വ ശക്തിയുമെടുത്തു പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.