ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസ്സുടമകള്‍. ഈ മാസം 31നകം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. മൂന്നു ദിവസത്തിനുള്ളില്‍ സമരത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മിനിമം ചാര്‍ജ് പത്തു രൂപയാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ തീരുമാനമായിട്ടില്ല. ഇതും ആറു രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.
സംസ്ഥാന ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി ഒന്നും പറഞ്ഞില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സഹായിക്കണം. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നിരക്ക് കൂട്ടാമെന്നേറ്റ സര്‍ക്കാര്‍ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവര്‍ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കുന്നത്. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.