സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. വ്യാഴാഴ്ചത്തെ വരുമാനം 6.17 കോടി രൂപയും വെള്ളിയാഴ്ച്ച ഇത് 6.78 കോടി രൂപയുമാണ്. കെഎസ്ആര്‍ടിസിയുടെ പ്രതിദിന ശരാശരി വരുമാനം അഞ്ച് കോടി രൂപയായിരുന്നു. അതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുതിച്ചുയര്‍ന്നത്.
സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ 24-ാം തീയതി മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോളം സ്വകാര്യ ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
സംസ്ഥാനത്ത് നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എല്‍ഡിഎഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.