Friday, April 11, 2025

മാര്‍ച്ച് 24 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മന്ത്രി ആന്റണി രാജു വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകള്‍ കുറ്റപ്പെടുത്തി. മന്ത്രിയും സര്‍ക്കാരും നടപടികള്‍ കൈക്കൊണ്ടില്ല. ബജറ്റിലും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചു.

ബജറ്റിലെ അവഗണനയിലും നിരക്ക് വര്‍ധന വൈകുന്നതിലും പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുന്നത്. ബസ് ചാര്‍ജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷന്‍ പറയുന്നത്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാനിരക്ക് ആറ് രൂപയായി കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു.

ബജറ്റിലെ അവഗണനയില്‍ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. അയ്യായിരത്തില്‍ താഴെ മാത്രം ബസ്സുകള്‍ ഉള്ള KSRTC ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റില്‍ പന്ത്രണ്ടായിരത്തിലധികം ബസുകള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലും ഇല്ലാത്തതും ബഡ്ജറ്റില്‍ ഡീസല്‍ വാഹനങ്ങളുടെ ഹരിത നികുതിയില്‍ 50 ശതമാനം വര്‍ധന വരുത്തുന്നതും പ്രതിഷേധാര്‍ഹമാണ് എന്നും ഫെഡറേഷന്‍ ആരോപിച്ചിരുന്നു.

 

Latest News