ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഇടക്കാല സര്‍ക്കാര്‍ അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു.
മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സ്വത്വത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനവും ആക്രമണങ്ങളും ഒരു പരിഷ്‌കൃത സമൂഹത്തിലും അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എക്‌സിലെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ‘ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്നും ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമതങ്ങള്‍ പിന്തുടരുന്ന ആളുകള്‍ക്ക് സുരക്ഷയും ബഹുമാനവും അവിടത്തെ ഇടക്കാല സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ പ്രിയങ്ക എഴുതി.
കഴിഞ്ഞയാഴ്ച ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തെ തുടര്‍ന്ന് രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളില്‍ 500 ലധികം പേര്‍ കൊല്ലപ്പെട്ട ബംഗ്ലാദേശില്‍ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം തുടരുന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം.
ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് ശേഷം ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങളില്‍ നിരവധി ഹിന്ദു ക്ഷേത്രങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെടുകയും സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും അവാമി ലീഗ് പാര്‍ട്ടിയുമായി ബന്ധമുള്ള രണ്ട് ഹിന്ദു നേതാക്കള്‍ ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങള്‍ ഓഗസ്റ്റ് 5 മുതല്‍ 52 ജില്ലകളിലായി കുറഞ്ഞത് 205 ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്.