കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാം മത് ഐ.എഫ്.എഫ്.കെയുടെ വരവറിയിച്ചുള്ള ടൂറിംഗ് ടാക്കീസിന്റെ വിളംബര ജാഥ നവംബർ 15ന് ആരംഭിക്കും. കാസർകോട് നിന്ന് ആരംഭിക്കുന്ന വിളംബരജാഥ 13 ജില്ലകളിൽ ചലച്ചിത്ര പ്രദർശനം നടത്തിയതിനുശേഷം ഡിസംബർ ആറിന് തിരുവനന്തപുരത്ത് സമാപിക്കും.
ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന രാജ്യന്തര ചലച്ചിത്ര മേളയുടെ പ്രചരണാർത്ഥമാണ് വിളംബര ജാഥ സംഘടിപ്പിക്കുന്നത്. കോവിഡ് കാലത്തിന് ശേഷമുള്ള ആദ്യ വിളംബര ജതയാണെന്ന പ്രത്യേകതയുമുണ്ട് ഇതിന്.
‘നല്ല സിനിമ നാട്ടിൻപുറങ്ങളിലേക്ക്’ എന്ന ലക്ഷ്യം മുൻനിർത്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് ‘ടൂറിംഗ് ടാക്കീസ്’. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോളേജുകൾ, കലാസാംസ്കാരിക സംഘടനകൾ, ഫിലിം സൊസൈറ്റികൾ, വായനശാലകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടത്തുന്നത്.