Sunday, November 24, 2024

പ്രകൃതിസംരക്ഷണത്തിനായി ജീവിച്ച പ്രൊഫ.ടി ശോഭീന്ദ്രൻ അന്തരിച്ചു

പ്രകൃതിസംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ടി ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ മുന്‍ ലക്ചററും നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമായിരുന്നു.

കോഴിക്കോട് ജില്ലയിലെ കക്കോട് സ്വദേശിയായ ടി ശോഭീന്ദ്രൻ അധ്യാപനത്തിനും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. പരിസ്ഥിതിയോട് എന്നും ചേര്‍ന്ന് ജീവിച്ച ടി. ശോഭീന്ദ്രന്‍റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരം വേഷം. കേരള സ്റ്റേറ്റ് ഫോറസ്റ്റ്സ് ആൻഡ് വൈൽഡ്ലൈഫ് ബോർഡ് അംഗം, കേരള കാവുസംരക്ഷണ വിദഗ്ധസമിതി അംഗം, കേരള പ്രകൃതിസംരക്ഷണ ഏകോപനസമിതി കോ-ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ-ഓർഡിനേറ്റർ എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ദിരാപ്രിയദർശിനി ദേശീയ വൃക്ഷമിത്ര അവാർഡ്, കേരളഗവൺമെന്റ് വനമിത്ര അവാർഡ്, മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കേരള അവാർഡ്. സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കേരള, നാഷണൽ എൻവയൺമെന്റ് അവാർഡ്, ഭാരത് വികാസ് സംഗം, ബീജാപൂർ, സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് ആൻഡ് അപ്രിസിയേ ഷൻ: ഫ്ളാറിഡ എൺവയൺമെന്റലിസ്റ്റ്സ് അസോസിയേഷൻ, ഫ്ളോറിഡ, യു.എ സ്.എ., സെലിബ്രിറ്റി ടീച്ചർ അവാർഡ് റെക്കമെന്റഡ് ബൈ കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

 

Latest News