പ്രൊഫഷണൽ കോഴ്‌സുകളുടെ സിലബസ് പ്രാദേശികഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യണമെന്ന കേന്ദ്രസർക്കാർ നിര്‍ദേശം നിരസിച്ച് രാജ്യത്തെ ഐഐഎമ്മുകള്‍. നിര്‍ദേശം നടപ്പാക്കാന്‍ പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന് സർക്കാരിനെ മൂന്ന് ക്യാംപസുകൾ ഔദ്യോഗികമായി അറിയിച്ചു. ബാക്കിയുള്ള ഐഐഎമ്മുകളിൽ 17 എണ്ണവും കേന്ദ്രസർക്കാർ നിര്‍ദേശത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല
2021 ഒക്ടോബറിലാണ് പ്രൊഫഷണൽ കോഴ്‌സുകളുടെ പുസ്തകങ്ങൾ പ്രാദേശികഭാഷകളിലേക്കു മാറ്റാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നിര്‍ദേശിച്ചത്. പ്രാദേശികഭാഷകളിൽ പ്രൊഫഷണൽ കോഴ്‌സുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. ഇതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) വികസിപ്പിച്ച വിവർത്തനസഹായി ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പിന്നാലെ 2021 നവംബറിൽ ഐഐഎം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം തങ്ങൾക്ക് ബാധകമല്ലെന്ന് ഐഐഎമ്മുകള്‍ അറിയിക്കുകയായിരുന്നു.
ഐഐഎം കാശിപുർ, ഐഐഎം ബാംഗ്ലൂർ, ഐഐഎം ഉദയ്പുർ എന്നി ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് നിര്‍ദേശം നടപ്പാക്കാന്‍ പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചത്. തങ്ങളുടേത് ഒരു മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആണെന്നും വിവർത്തനത്തിനുള്ള പുസ്തകങ്ങൾ ഇല്ലെന്നുമായിരുന്നു ഐഐഎം ബാംഗ്ലൂർ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനു നല്‍കിയ മറുപടി. എന്നാല്‍, ഇത് തങ്ങളെ സംബന്ധിക്കുന്ന വിഷയമല്ല എന്നായിരുന്നു മറ്റു രണ്ട് ക്യാംപസുകളുടെയും പ്രതികരണം. അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിനു (NEP) കീഴിൽ ഐഐടികളിലും എൻഐടികളിലും കോഴ്‌സുകൾ പഠിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ എഐസിടിഇ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ പുസ്തകങ്ങൾ വിവർത്തനം ചെയ്തുവരികയാണ്.