വടക്കൻ അതിർത്തിയിൽ ഒരു ധാരണയിലെത്താനുള്ള ചർച്ചയിൽ ഗണ്യമായ പുരോഗതി ഉണ്ടായതായി വെളിപ്പെടുത്തി ഇസ്രായേൽ ഉദ്യോഗസ്ഥർ. വെടിനിർത്തൽ കരാറിലേക്കു നീങ്ങാനുള്ള മറുവശത്തിന്റെ സന്നദ്ധതയെ സൂചിപ്പിക്കുന്ന പോസിറ്റീവ് ആയുള്ള തീരുമാനങ്ങളിലേക്ക് വൈകാതെ ലെബനൻ എത്തുമെന്നുള്ള പ്രതീക്ഷ പ്രകടിപ്പിച്ചത് ഇസ്രായേൽ ഉദ്യോഗസ്ഥർ ആയിരുന്നു.
തെക്കൻ ലെബനനിൽനിന്നു പിന്മാറാനുള്ള പ്രധാന സന്നദ്ധത ഉൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളിൽ ഹിസ്ബുള്ള സമീപ ആഴ്ചകളിൽ വഴക്കം കാണിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഹിസ്ബുള്ള കരാർ ലംഘിച്ചതായി ഐ. ഡി. എഫ്. കണ്ടെത്തിയാൽ നടപടികൾക്കുള്ള സ്വാതന്ത്ര്യം നിലനിർത്തണമെന്ന ഇസ്രായേലിന്റെ ആവശ്യത്തിലുള്ള വിയോജിപ്പ് പരിഹരിക്കപ്പെടാതെ തുടരുകയാണ്.
ലെബനന്റെ പ്രതികരണം അനുകൂലമാണെങ്കിൽ, ചട്ടക്കൂട് അതിന്റെ അവസാനഘട്ടത്തിലേക്കു കൊണ്ടുപോകുന്നതിനായി പ്രസിഡന്റ് ബൈഡന്റെ പ്രത്യേക പ്രതിനിധി അമോസ് ഹോച്ച്സ്റ്റീൻ ഈ മേഖലയിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. നിയുക്ത പ്രസിഡന്റിന്റെ വിദേശനയത്തിന്റെ ആദ്യവിജയമായി ലെബനനിൽ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായേൽ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നെതന്യാഹു ഡൊണാൾഡ് ട്രംപിനോടും മരുമകൻ ജാരെഡ് കുഷ്നറോടും ഞായറാഴ്ച പറഞ്ഞതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വെടിനിർത്തലിനായുള്ള കരാറിൽ ഇസ്രായേൽ പുതുതായി ഒരു കാര്യം കൂടി കൂട്ടിച്ചേർത്തിരുന്നു. സിറിയൻ കരമാർഗങ്ങളിലൂടെ ഹിസ്ബുള്ളയെ വീണ്ടും ആയുധം പ്രയോഗിക്കുന്നതിൽനിന്ന് തടയുന്നതിനുള്ള ചുമതല റഷ്യയ്ക്കായിരിക്കും എന്നതാണ് അത്. എന്നിരുന്നാലും, വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിലോ, മേൽനോട്ടത്തിലോ റഷ്യ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നില്ലെന്ന് ഒരു അമേരിക്കൻവൃത്തം അഭിപ്രായപ്പെട്ടു.