Friday, April 4, 2025

ഹോങ്കോങ്ങിലെ പ്രമുഖ വ്യവസായി ലീ ഷോ കീ അന്തരിച്ചു

ഹോങ്കോങ്ങിലെ ഏറ്റവും വലിയ ധനികരിലൊരാളും പ്രമുഖ വ്യവസായിയുമായ ലീ ഷോ കീ അന്തരിച്ചു. 97 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലു‍ള്ള ഹെൻഡേഴ്സൺ ലാൻഡ് ആണ് മരണവിവരം പുറത്തുവിട്ടത്.

സഹോദരങ്ങളിൽ നാലാമത്തെ ആളായതിനാൽ ‘അങ്കിൽ ഫോർ’ എന്ന വിളിപ്പേരിലാണ് ലീ അറിയപ്പെട്ടിരുന്നത്. തെക്കൻ ചൈനീസ് പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ സ്വർണ്ണ, വെള്ളി കടകളുടെ ഉടമകളായിരുന്നു ലീയുടെ കുടുംബം.

ഇരുപതാം വയസ്സിലാണ് ലീ ഹോങ്കോങ്ങിലേക്ക് താമസം മാറുന്നത്. 1976 ൽ ഹെൻഡേഴ്സൺ ലാൻഡ് എന്ന പേരിൽ സ്വന്തം പ്രോപ്പർട്ടി സ്ഥാപനം സ്ഥാപിച്ചു. പിന്നീട് ലീയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2019 മെയ് മാസത്തിൽ വിരമിച്ചതിനുശേഷവും അദ്ദേഹം സ്ഥാപനത്തിൽ ചെയർമാനായി തുടർന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ പീറ്ററും മാർട്ടിൻ ലീയും സംയുക്തമായാണ് ഈ സ്ഥാപനം നിയന്ത്രിക്കുന്നത്. ഫോർബ്സ് മാസികയുടെ റിപ്പോർട്ട് പ്രകാരം, മരിക്കുന്നതിനുമുൻപ് ലീയുടെ ആസ്തി 30 ബില്യൺ ഡോളറാണെന്ന് കണക്കാക്കുന്നു.

നഗരത്തിലെ മറ്റു വ്യവസായി കുടുംബങ്ങളെപ്പോലെ തന്നെയായിരുന്നു ലീയുടെ കുടുംബവും. റിയൽ എസ്റ്റേറ്റിനുപുറമെ ഊർജം മുതൽ ചില്ലറവ്യാപാരങ്ങളായ ഗതാഗതം വരെയുള്ള കമ്പനികളിൽ ലീയുടെ കുടുംബത്തിന് ഉടമസ്ഥാവകാശമുണ്ട്. ചൈനീസ് നേതാക്കളടക്കമുള്ളവരുമായുള്ള നല്ല ബന്ധമാണ് ലീയുടെ വിജയത്തിന്റെ പ്രധാന ഘടകം. പൊതുസ്ഥലങ്ങളിൽ അത്യപൂർവമായി സംസാരിക്കുന്നവരിൽനിന്നും വ്യത്യസ്തമായി പലവിഷയങ്ങളിലും തുറന്നുസംസാരിക്കാൻ ലീയ്ക്ക് മടിയില്ലായിരുന്നു. ‘അങ്കിൾ ഫോർ’ എന്ന പേരിനുപുറമെ ‘ഹോങ്കോങ്ങിന്റെ വാറൻ ബഫറ്റ്’ എന്നിങ്ങനെ മറ്റു പേരുകളിലും ലീ അറിയപ്പെട്ടിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്കുമുൻപു തന്നെ ബാങ്ക് ഓഫ് ചൈന, പെട്രോ ചൈന തുടങ്ങിയ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിൽ ഉൾപ്പെടെയുള്ള ഓഹരി നിക്ഷേപങ്ങളിൽ സജീവമായിരുന്നു ലീ. തന്റെ ഈ അനുഭവങ്ങളെക്കുറിച്ച് പൊതുജനങ്ങളോടു പറയാനും ലീയ്ക്ക് മടിയുണ്ടായിരുന്നില്ല. ലീ ഒരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു. ചാരിറ്റികൾക്കുവേണ്ടി നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News