സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വൈകുന്നേരം മുതല്‍ ബിരിയാണിച്ചെമ്പുമായി പ്രതിഷേധം നടത്തുകയായിരുന്നു കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ബി ജെ പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അവകാശമില്ലെന്ന പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യം ശക്തമാക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെ പി സി സി വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി കരിദിനം ആചരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് അറിയിച്ചു.
ഇതേ ആവശ്യം ഉന്നയിച്ച് ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തും. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നതെന്നും ഇത് ജനാധിപത്യത്തിന് തന്നെ അപമാനമാണെന്നും രാധാകൃഷ്ണന് പറഞ്ഞു.