ചൈന സർക്കാരിന്റെ കോവിഡ് ലോക്ഡൗണിനെതിരെ രാജ്യത്തു ജനകീയ പ്രതിഷേധം വ്യാപിക്കുന്നു. കോവിഡിനൊപ്പം വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്ന പ്രതിഷേധം സർക്കാരിന് തലവേദനായി മാറുകയാണ്. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ലോക്ഡൗണിനിടെ 10 പേർ ഫ്ലാറ്റിലെ അഗ്നിബാധയിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം മറ്റു മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു.
ഷിൻജിയാങ് പ്രവിശ്യാ തലസ്ഥാനമായ ഉറുംഖി നഗരത്തിൽ മൂന്ന് മാസമായി തുടരുന്ന ലോക്ഡൗണിൽ സഹികെട്ടാണു ജനം തെരുവിലിറങ്ങിയത്. ചൈനീസ് സർക്കാരിന്റെ അടിച്ചമർത്തൽ നടപടി നേരിടുന്ന ഉയിഗുർ മുസ്‌ലിംങ്ങളും ഇവിടെ പ്രതിഷേധത്തിനിറങ്ങി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് വെള്ളിയാഴ്ച അധികൃതർ കർശന നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയിരുന്നു. എന്നാൽ പ്രതിഷേധക്കാർ പിന്നോട്ട്പോകുവാൻ കൂട്ടാക്കിയില്ല.
സർക്കാർ വിരുദ്ധ സമരങ്ങൾ കേട്ടിട്ടില്ലാത്ത ചൈനയിൽ ഷാങ്‌ഹായ് ഉൾപ്പെടെ വൻ നഗരങ്ങളിൽ ശനിയാഴ്ച വൈകിട്ടു നടന്ന ലോക്ഡൗൺ വിരുദ്ധ പ്രതിഷേധത്തിൽ ആയിരങ്ങളാണു പങ്കെടുത്തത്. ഷാങ്‌ഹായ് നഗരത്തിൽ നടന്ന പ്രകടനത്തിൽ പ്രസിഡന്റ് ഷി ചിൻപിങ് രാജിവയ്ക്കണമെന്നു മുദ്രാവാക്യങ്ങളുയർന്നു. സമരക്കാർക്കു നേരെ സേന കുരുമുളുക് സ്പ്രേ പ്രയോഗിച്ചു. ഒട്ടേറെപ്പേർ അറസ്റ്റിലായി.
കർശനമായ നിയന്ത്രണങ്ങൾക്കിടയിലും ചൈനയിൽ കോവിഡ് വർദ്ധിക്കുകയാണ്. ഞായറാഴ്ച രാജ്യമൊട്ടാകെ 40,000 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് തടയാനായി അനിശ്ചിതമായ സമ്പൂർണ അടച്ചിടലാണു ചൈനയിലെ നയം. അടച്ചിടൽ നിശ്ചയിച്ചിരിക്കുന്ന കാലയളവിൽ പുറത്തിറങ്ങാനോ ജോലിക്കു പോകാനോ സാധിക്കുകയില്ല. ഇതുമൂലം പല കുടുംബങ്ങളും സാമ്പത്തികമായി പിന്നോട്ട് പോയി. ഈ അവസ്ഥയിലാണ് ജനം പ്രതിഷേധം ശക്തിപ്പെടുത്തിയത്. അതേസമയം പ്രസിഡന്റിനെതിരെയുള്ള പരസ്യ പ്രതിഷേധം ചൈനയിലെ അധികാരകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.