ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍ പ്രതിഷേധ പരിപാടികള്‍ക്ക് വിലക്ക്. ക്ലാസ്സ് മുറികള്‍, ലാബ് തുടങ്ങിയ അക്കാദമിക് കെട്ടിടങ്ങളുള്ള 100 മീറ്റര്‍ പരിധിയിലാണ് പ്രതിഷേധത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നവംബറില്‍ അംഗീകരിച്ച, പുതുക്കിയ ചീഫ് പ്രോക്ടര്‍ ഓഫീസ് (സി.പി.ഒ) മാനുവലിലാണ് ഇതുസംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതിഷേധ പ്രകടനം, ധര്‍ണ്ണ, പോസ്റ്ററുകള്‍ പതിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സി.പി.ഒ മാനുവൽ നിരോധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വിദ്യാര്‍ഥികളില്‍നിന്നും 20,000 രൂപ പിഴയോ, കാമ്പസില്‍നിന്നു പുറത്താക്കുകയോ ചെയ്യാം. കൂടാതെ ദേശവിരുദ്ധത, മതം, ജാതി, സമുദായം എന്നിവയോട് അസഹിഷ്ണുത വളര്‍ത്തുന്ന ഏതൊരു പ്രവര്‍ത്തനവും ശിക്ഷാര്‍ഹമാണെന്നും അത്തരക്കാര്‍ 10,000 രൂപ പിഴ നല്‍കേണ്ടിവരുമെന്നും സി.പി.ഒ മാനുവലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അക്കാദമികവും ഭരണപരവുമായ ക്രമം നിലനിര്‍ത്തുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് സര്‍വകലാശാലാ ഭരണകൂടത്തിന്റെ വിശദീകരണം. വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ ക്യാമ്പസിനുള്ളിലെ നിലവിലുള്ള പ്രതിഷേധമേഖലകള്‍ മതിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ പുതിയ നിയമങ്ങളെ വിമര്‍ശിച്ച് ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ (ജെ.എന്‍.യു.എസ്.യു) രംഗത്തെത്തി.