ഇസ്താംബുൾ മേയറെ പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് അധികൃതർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് തുർക്കിയിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മതേതര റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സി എച്ച് പി) യിൽ നിന്നുള്ള എക്രെം ഇമാമോഗ്ലു, പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ ശക്തരായ രാഷ്ട്രീയ എതിരാളികളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. അഴിമതിയും ഒരു തീവ്രവാദ ഗ്രൂപ്പിനെ സഹായിക്കുന്നതുമായ വ്യക്തി എന്നാണ് പ്രോസിക്യൂട്ടർമാർ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചത്. മാത്രമല്ല, അദ്ദേഹത്തെ ക്രിമിനൽ സംഘടനാനേതാവെന്ന് സംശയിക്കപ്പെടുന്നയാൾ എന്ന് വിളിക്കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി രാഷ്ട്രീയക്കാർ, പത്രപ്രവർത്തകർ, ബിസിനസുകാർ എന്നിവരുൾപ്പെടെ നൂറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇസ്താംബുൾ ഗവർണറുടെ ഓഫീസ് നഗരത്തിൽ നാലുദിവസത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തെരുവുകളിലും യൂണിവേഴ്സിറ്റി കാമ്പസുകളിലും ഭൂഗർഭ സ്റ്റേഷനുകളിലും പ്രതിഷേധക്കാർ അണിനിരന്നു. ജനക്കൂട്ടം സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. ഇത്, വർഷങ്ങളായി കാണാത്ത പൊതുജന രോഷത്തിന്റെ പ്രകടനമായിരുന്നു.
തുർക്കിയിലെ ഏറ്റവും വലിയ നഗരത്തിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇസ്താംബുൾ യൂണിവേഴ്സിറ്റിക്കു പുറത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ചു. ‘എർദോഗൻ, സ്വേച്ഛാധിപതി’ ‘ഇമാമോഗ്ലു, നീ ഒറ്റയ്ക്കല്ല’, എന്നും വിളിച്ചുപറഞ്ഞുകൊണ്ട് ആയിരക്കണക്കിന് ആളുകൾ സിറ്റി ഹാളിനു മുൻപിൽ, തണുപ്പിലും തടിച്ചുകൂടി. ഇസ്താംബൂളിൽ നാലുദിവസത്തെ നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ പൊതുസമ്മേളനങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇസ്താംബൂളിലെ പല തെരുവുകളും അടച്ചു. ചില മെട്രോ ലൈനുകളും അവയുടെ സേവനങ്ങൾ റദ്ദാക്കി.