സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളിൽ മടുത്ത് ചൈനയിൽ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുന്നു. ഷിൻജിയാങിലെ ഉറുംകിയിലുണ്ടായ തീപ്പിടിത്തത്തിൽ 10 പേർ മരിച്ചതിന് പിന്നാലെ ആണ് പ്രതിഷേധം ശക്തമായത്. കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിനെത്തുടർന്ന് തീപ്പിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് ആളുകൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
മൂന്ന് വർഷമായി രാജ്യത്ത് നിലനിൽക്കുന്ന നിയന്ത്രണങ്ങൾ നീക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ഷി ജിൻപിങും തുലയട്ടെയെന്നും ഉറുംകിയെ സ്വതന്ത്രമാക്കണമെന്നുമുള്ള മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. ഉറുംകിയിലും ഷിൻജിയാങിലും ചൈനയിൽ മൊത്തത്തിലുമുള്ള നിയന്ത്രണങ്ങൾ നീക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങൾക്ക് സ്വാതന്ത്ര്യമാണ് ആവശ്യമെന്നും നിയന്ത്രണങ്ങളല്ലെന്നും പ്രതിഷേധക്കാർ വെളിപ്പെടുത്തി.
കോവിഡ് വ്യാപനത്തിൽ വൻവർധനവ് ഉണ്ടായതിന് പിന്നാലെ സീറോ കോവിഡ് പോളിസിയെന്ന പേരിൽ ഭരണകൂടം രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ജീവൻ രക്ഷിക്കാനുള്ള ഷിയുടെ നയമെന്നാണ് നിയന്ത്രണങ്ങളെ ചൈന വിശേഷിപ്പിച്ചത്. നിയന്ത്രണങ്ങൾ ശക്തമെങ്കിലും ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശനിയാഴ്ച 40,000-ഓളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.