ഡെലിവറി ഡ്രൈവറെ പോലിസ് ഉദ്യോഗസ്ഥന് കൊലപ്പെടുത്തിയ സംഭവത്തില്‍ പാരീസില്‍ പ്രതിഷേധം തുടരുന്നു. ഒറ്റരാത്രിയിലെ സംഘർഷത്തിൽ 150-ഓളം അറസ്റ്റുകളാണ് രേഖപ്പെടുത്തിയത്. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഡസൻ കണക്കിന് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ട്രാഫിക് നിയമലംഘനം നടത്തിയെന്നാരോപിച്ച് 17 വയസുള്ള ഉത്തരാഫ്രിക്കന്‍ വംശജനായ ഒരു കൗമാരക്കാരനാണ് പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നാണ് പാരീസിലാകമാനം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അക്രമത്തിൽ ടൗൺ ഹാളുകൾ, സ്കൂളുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവക്കു നേരയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി. നാന്ററെയിലെ അവന്യൂ പാബ്ലോ പിക്കാസോയിലെ പോലീസ് വാഹനങ്ങളും ബാരിക്കേഡുകളും പ്രതിഷേധക്കാര്‍ കത്തിച്ചു.
വടക്കന്‍ നഗരമായ ലില്ലെയിലും തെക്കുപടിഞ്ഞാറന്‍ ടൗളൂസിലും പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടി. ഫ്രഞ്ച് തലസ്ഥാനത്തിന് തെക്ക് അമിയന്‍സ്, ഡിജോണ്‍, എസ്സോണ്‍ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിലും പ്രതിഷേധങ്ങള്‍ ഉണ്ടായതായി പോലീസ് വക്താവ് പറഞ്ഞു. പ്രതിഷധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും 2000 പൊലീസുകാരെ പ്രദേശത്ത് വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.