ഓഷ്യൻസാറ്റിന്റെ മൂന്നാം തലമുറ ഉപഗ്രഹമായ എർത്ത് ഒബ്സർവേഷൻ സാറ്റ്‌ലൈറ്റ് – 6 മായി പിഎസ്എൽവി സി 54 വിജയകരമായി വിക്ഷേപിച്ചു. സമുദ്ര നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ അത്യാധുനിക ഉപഗ്രഹമാണ് എർത്ത് ഒബ്സർവേഷൻ സാറ്റ്‌ലൈറ്റ് – 6. പിഎസ്എൽവിയുടെ ഏറ്റവും ശക്തമായ വേരിയന്റായ പിഎസ്എൽവി എക്‌സൽ വേരിയന്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.
ഇന്നലെ രാവിലെ 11:56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. പിഎസ്എൽവി-സി 54 വിക്ഷേപണ വാഹനത്തിൽ ഉപയോഗിച്ച ടു-ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ (ഒസിടി) ഉപയോഗിച്ച് ഭ്രമണപഥം മാറ്റാൻ ശേഷിയുള്ള റോക്കറ്റിനെ വികസിപ്പിക്കാൻ ഐഎസ്ആർഒ ശാസ്ത്രജ്ഞർ ഏറ്റെടുത്ത ഏറ്റവും ദൈർഘ്യമേറിയ ദൗത്യമാണിത്.
വിക്ഷേപിച്ച് 17-ാം മിനിറ്റിൽ പ്രധാന ഉപഗ്രഹമായ എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്-6 വിക്ഷേപണ വാഹനത്തിൽ നിന്ന് വിജയകരമായി വേർപെടുത്തി. വരും മണിക്കൂറുകളിൽ ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ രണ്ട് തവണ പ്രവർത്തിപ്പിച്ച് പിഎസ്എൽവി സി 54 ന്റെ ഭ്രമണപഥം മാറ്റിയ ശേഷം മറ്റ് ചെറു ഉപഗ്രഹങ്ങൾ കൂടി ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഒർബിറ്റുകളിൽ വിന്യസിക്കും.