‘സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ് (സ്പേഡെക്സ്)’ വിജയകരമായി വിക്ഷേപിച്ച് ഐ. എസ്. ആർ. ഒ. രാത്രി 10.00 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ (എസ്ഡിഎസ്സി) ഷാറിൽ നിന്ന് പി. എസ്. എൽ. വി-സി60 ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
രണ്ട് ചെറിയ ബഹിരാകാശ വാഹനങ്ങൾ ഉപയോഗിച്ച് ഇൻ-സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ പ്രകടമാക്കികൊണ്ടായിരുന്നു ഇന്ത്യ സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ് വിജയകരമാക്കിത്തീർത്തത്. വിക്ഷേപണം വിജയകരമായതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രം സ്വായത്തമാക്കിയ ഡോക്കിങ് സാങ്കേതികവിദ്യ ക്ലബ്ബിലേക്ക് ഇന്ത്യയും പ്രവേശിച്ചു.
യു. ആർ. റാവു സാറ്റലൈറ്റ് സെന്റർ (യു. ആർ. എസ്. സി.) ആണ് സ്പേഡെക്സ് ബഹിരാകാശപേടകം രൂപകൽപന ചെയ്യുകയും യാഥാർഥ്യമാക്കുകയും ചെയ്തത്. എല്ലാ പരിശോധനകളും അനുമതികളും പൂർത്തിയായതിനുശേഷം സതീഷ് ധവാൻ സ്പേസ് സെന്ററിലേക്ക് വിക്ഷേപണത്തിനായി മാറ്റുകയായിരുന്നു.
രണ്ടു സ്വതന്ത്രപേടകങ്ങളെ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുകയും തുടർന്ന് ഒറ്റ യൂണിറ്റായി പ്രവർത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്. ബഹിരാകാശനിലയ ക്രൂ എക്സ്ചേഞ്ച്, ബഹിരാകാശനിലയങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കൽ തുടങ്ങിയ നിർണ്ണായകജോലികൾക്ക് ഈ സാങ്കേതികവിദ്യ അത്യന്താപേക്ഷിതമാണ്.