ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ആക്രമണത്തില്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം സൈനികരെ അനുസ്മരിച്ചത്.
“പുൽവാമയിൽ ഈ ദിവസം നമുക്ക് നഷ്ടപ്പെട്ട നമ്മുടെ ധീരസൈനികരെ ഓർക്കുന്നു. അവരുടെ പരമമായ ത്യാഗം ഒരിക്കലും മറക്കില്ല. അവരുടെ ധൈര്യം, ശക്തവും വികസിതവുമായ ഇന്ത്യയെ കെട്ടിപ്പെടുക്കാൻ പ്രേരിപ്പിക്കുന്നു” – അദ്ദേഹം കുറിച്ചു.
2019 ഫെബ്രുവരി 14 -നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് 2500 ഓളം സൈനികര്‍ 78 ബസുകളിലായി സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44 -ല്‍ അവന്തിപ്പോറയ്ക്കടുത്ത് ഭീകരര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ഉഗ്രസ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെ എത്തിയ ബസുകൾക്കും സ്‌ഫോടനത്തിൽ കേടുപാടുകൾ പറ്റി. പൂർണ്ണമായി തകർന്ന 76 -ാം ബറ്റാലിയന്റെ ബസിലുണ്ടായിരുന്ന 40 പേരാണ് വീരമൃത്യു വരിച്ചത്. നിരവധി ജവാന്മാർക്ക് സ്ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്ഫോടനത്തിനു പിന്നാലെ പാക്ക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം എറ്റെടുത്തു. പുല്‍വാമ കാകപോര്‍ സ്വദേശി ആദില്‍ അഹമ്മദ് ദര്‍ ആയിരുന്നു ചാവേര്‍. ആക്രമണത്തില്‍ വിരമൃത്യു വരിച്ചവരില്‍ മലയാളി ജവാന്‍ വി.വി. വസന്തകുമാറും ഉണ്ടായിരുന്നു.