രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുല്‍വാമ ചാവേര്‍ ബോംബ് ആക്രമണത്തിന് ഇന്ന് നാലാണ്ട്. ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാഷ്ട്രം. ആക്രമണത്തില്‍ ബലിദാനികളായ ജവാന്മാരെ അനുസ്മരിച്ച് രാജ്യമെമ്പാടും ഇന്ന് വിവിധ പരിപാടികള്‍ നടക്കും.
2019 ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ ലത്താപോരയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യുവരിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആറ് ഭീകരരെ വകവരുത്തുകയും ഏഴ് പേരെ സുരക്ഷാ സേന പിടികൂടുകയും ചെയ്തിരുന്നു.
അമേരിക്ക, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നപ്പോള്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പാകിസ്താനെ സംരക്ഷിക്കുന്ന നിലപാടാണ് ചൈനയും തുര്‍ക്കിയും സ്വീകരിച്ചത്. ജെയ്ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ ചൈന തടഞ്ഞു. 2019 ന് മെയ് ഒന്നിന് അസറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടുത്തി.
ആക്രമണത്തിന് പിന്നിലെ പാക് ഗൂഡാലോചനയ്ക്ക് ബാലാക്കോട്ടില്‍ ബോംബ് വര്‍ഷിച്ചാണ് ഇന്ത്യ മറുപടി നല്‍കിയത്. 2019 ഫെബ്രുവരി 27 ന് പാക് അധിനിവേശ കശ്മീരിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിന് മുകളിലൂടെ പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ച് പ്രദേശത്തെ ചാരമാക്കി. ആക്രമണത്തില്‍ 350-ല്‍ അധികം ജയ്ഷെ ഭീകരരെ വധിച്ചു.