Saturday, February 1, 2025

ഡല്‍ഹിയ്ക്ക് പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമോ? പഞ്ചാബിലേയ്ക്ക് കണ്ണുനട്ട് ദേശീയ രാഷ്ട്രീയം

ആകാംഷയുടെ മുള്‍മുനയിലാണ് രാജ്യം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചന പുറത്ത് വരുമ്പോള്‍ പഞ്ചാബില്‍ എഎപിയുടെ തേരോട്ടമാണ് ഏറ്റവും ശ്രദ്ധേയം. സംസ്ഥാനത്ത് 117 സീറ്റുകളില്‍ 52 സീറ്റുകളിലും എഎപി മുന്നിലാണ്. 37 സീറ്റുമായി കോണ്‍ഗ്രസ് പിന്നിലുണ്ട്. 7സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്കുള്ളത്.

എക്‌സിറ്റ് പോളിലും പഞ്ചാബില്‍ എഎപി മുന്നേറ്റം പ്രവചിച്ചിരുന്നു. ഫലസൂചനകള്‍ അറിവായ ആദ്യ ഘട്ടം മുതല്‍ കോണ്‍ഗ്രസിനം പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് എഎപി മുന്നേറ്റം.

ഡല്‍ഹിയ്ക്ക് പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. ഭഗവന്ത് സിംഗ് മാനാണ് എഎപിയുടെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ അരമണിക്കൂറില്‍ കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച ആംആദ്മി പാര്‍ട്ടി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ലീഡ് പിടിച്ചു. വലിയ പ്രതീക്ഷയിലാണ് ആംആദ്മി പാര്‍ട്ടി. എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന ആത്മ വിശ്വാസമുണ്ടെങ്കിലും കഴിഞ്ഞ തവണ എക്‌സിറ്റ് പോളുകളില്‍ വിജയിച്ചെങ്കിലും ഫലം വന്നപ്പോള്‍ കോണ്‍ഗ്രസാണ് ഭരണം നേടിയത്. ഇത്തവണയും അത് ആവര്‍ത്തിക്കപ്പെടുമോ എന്ന ആശങ്കയും എഎപിയ്ക്കുണ്ട്. ഡല്‍ഹിയ്ക്ക് പുറത്ത് എഎപി ഭരണം പിടിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്രിവാള്‍ കൂടുതല്‍ കരുത്തനാകും.

 

Latest News