Friday, January 31, 2025

പഞ്ചാബും കൈവിട്ടു; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഏക പിടിവള്ളിയായ പഞ്ചാബും കൈവിട്ട കോണ്‍ഗ്രസ് ഉത്തരേന്ത്യയില്‍ തകര്‍ന്നടിഞ്ഞു. ഭരണം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തില്‍ ഇറങ്ങിയ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ നേരിട്ടത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്.

ഉള്‍പ്പാര്‍ട്ടി പോരുകളും ജനങ്ങളില്‍നിന്ന് അകന്നതുമാണ് കോണ്‍ഗ്രസിന് തോല്‍വിയ്ക്ക് ആക്കം കൂട്ടിയത്. കര്‍ഷകസമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ പഞ്ചാബില്‍, കര്‍ഷകര്‍ക്ക് കാര്യമായ പിന്തുണ നല്‍കാതിരുന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ബിജെപിയോടുള്ള എതിര്‍പ്പ് ഗുണം ചെയ്തത് ആം ആദ്മിക്കും.

നിലവിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത്ത് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും വളരെ പിന്നിലാണ്. മറ്റൊരു പ്രമുഖ നേതാവായ നവജ്യോത് സിങ് സിദ്ദു മത്സരിച്ച അമൃത്സര്‍ ഈസ്റ്റിലും അവസ്ഥ പരിതാപകരമാണ്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഭഗവന്ത് മന്‍ ധൂരി മണ്ഡലത്തില്‍ വിജയത്തോടടുക്കുന്നു.

ഇതോടെ ദേശീയ രാഷ്ട്രീയത്തില്‍ പഞ്ചാബ് ഒരു രാഷ്ട്രീയപാഠമാവുകയാണ്. വന്‍മരങ്ങളെല്ലാം ഇവിടെ വീണു കഴിഞ്ഞു. കടുത്ത ബിജെപി വിരുദ്ധത നിലനില്‍ക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ചരണ്‍ജിത്ത് ഛന്നിയും ബിജെപിയുടെ അമരീന്ദര്‍ സിംഗും ഉള്‍പ്പെടുന്ന കരുത്തന്മാരെ തകര്‍ത്താണ് എഎപി വിജയം കൊയ്തിരിക്കുന്നത്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയത്. ആ സംസ്ഥാനത്താണ് ഇന്ന് കോണ്‍ഗ്രസ് ഏറെ പിന്നിലേക്ക് തള്ളപ്പിട്ടിരിക്കുന്നത്.

 

 

 

Latest News