Sunday, April 20, 2025

യുക്രൈനില്‍ വെടിനിര്‍ത്താന്‍ സമയമായിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍

യുക്രൈനില്‍ വെടിനിര്‍ത്താന്‍ സമയമായിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്. യുക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. അതിനിടെ റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും.

യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആറാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ വാഗ്ദാനം കാറ്റില്‍ പറത്തുകയാണ് റഷ്യ. വെടിനിര്‍ത്തലിന് സമയം ആയിട്ടില്ലെന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്നും ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പുടിന്‍ വ്യക്തമാക്കി. വിവിധ യുക്രൈന്‍ നഗരങ്ങളില്‍ ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസവും റഷ്യ നടത്തിയത്. ദക്ഷിണ യുക്രൈന്‍ നഗരമായ മൈക്കാലെയ്വില്‍ പ്രാദേശിക ഭരണ ആസ്ഥാനത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു.

യുക്രൈനും റഷ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരിക്കും ചര്‍ച്ചയെന്ന് യുക്രൈന്‍ പ്രതിനിധി സംഘം തലവന്‍ ഡേവിഡ് അരോഖാമിയ അറിയിച്ചു.

Latest News