ക്രിമിയൻ പാലത്തിലെ സ്ഫോടനത്തിന് പിന്നിൽ ഉക്രെയ്നാണെന്ന ആരോപണവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യയും ക്രിമിയയുടെ റഷ്യൻ അധിനിവേശ പ്രദേശവും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ നടന്ന ആക്രമണത്തെ ഉക്രൈൻ നടത്തിയ ഭീകര പ്രവർത്തനം എന്നാണ് പുടിൻ വിശേഷിപ്പിച്ചത്.
“ഒരു സംശയവുമില്ല. നിർണായക പ്രാധാന്യമുള്ള അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തീവ്രവാദ പ്രവർത്തനമാണിത്. ഉക്രേനിയൻ സ്പെഷ്യൽ സർവീസുകളാണ് ഈ ആക്രമണം രൂപകൽപ്പന ചെയ്തതും നടപ്പിലാക്കുന്നതും,”- പുടിൻ ഞായറാഴ്ച ക്രെംലിൻ ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
റഷ്യയുടെ തന്ത്രപരവും പ്രതീകാത്മകവുമായ മൂല്യമുള്ള പാലം ശനിയാഴ്ച സ്ഫോടനത്തെ തുടർന്ന് ഭാഗികമായി തകർന്നിരുന്നു. സ്ഫോടനത്തെ തുടർന്ന് 19 കിലോമീറ്റർ നീളമുള്ള പാലത്തിലൂടെയുള്ള റോഡ്, റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. പാലത്തിന്റെ തകർച്ച ഉക്രേനിയൻ സേനക്കെതിരെയുള്ള പോരാട്ടത്തിൽ റഷ്യയുടെ സായുധ സേനയുടെ സുപ്രധാന മുന്നേറ്റത്തെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
കിഴക്കും തെക്കും റഷ്യയുടെ യുദ്ധക്കളത്തിലെ തോൽവികൾക്കിടയിലും ആണവായുധങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ആണ് ഈ സ്ഫോടനം. റഷ്യക്കെതിരായ ഏത് ആക്രമണവും ആണവ പ്രതികരണത്തിന് കാരണമാകുമെന്ന പുടിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഈ സ്ഫോടനത്തെ ലോകരാജ്യങ്ങൾ ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.