രണ്ടാ ദിനം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമിടുകയാണ് റഷ്യന്‍ സൈന്യം. കീവിന്റെ വിവിധ മേഖലകളില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ആക്രണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും ഉള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി അറിയിച്ചു. 316 പേര്‍ക്ക് പരിക്കുകള്‍ പറ്റി. ഏകദേശം 100,000 യുക്രെയ്‌നികള്‍ വീടുവിട്ട് പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നു. പോരാട്ടത്തില്‍ രാജ്യം ഒറ്റയ്ക്കായിരുന്നെന്നും സഹായങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1986 ല്‍ ആണവദുരന്തം നടന്ന മേഖല, കീവിന് വടക്കുള്ള ചെര്‍ണോബില്‍ ആണവനിലയം എന്നിവ റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി യുക്രേനിയന്‍ പ്രസിഡന്‍ഷ്യല്‍ ഓഫീസിലെ ഉപദേഷ്ടാവ് വ്യാഴാഴ്ച പറഞ്ഞു. 11 വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ 74 യുക്രൈനിയന്‍ സൈനിക കേന്ദ്രങ്ങള്‍ റഷ്യന്‍ സൈന്യം നശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.
യുക്രെയ്നിലെ പട്ടാള നടപടി രണ്ടാം ദിനവും തുടരുകയാണ് റഷ്യ. കീവില്‍ വീണ്ടും സ്ഫോടനങ്ങള്‍ നടന്നു. ഇന്ന് ആറ് സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഒഡേസയിലും സപ്പോരിജിയ മേഖലയിലും റഷ്യ മിസൈല്‍ ആക്രമണം നടത്തുന്നുണ്ട്. ഒരു ലക്ഷത്തിലേറെ പേര്‍ കീവ് വിട്ടെന്നാണ് സൂചന. മലയാളികള്‍ ഉള്‍പ്പടെ ഇന്നലെ രാത്രി കഴിച്ചു കൂട്ടിയത് ബങ്കറുകളിലാണ്.
റഷ്യയുടെ സൈനീക നീക്കത്തെ ലോകനേതാക്കള്‍ അപലപിച്ചു. നാല് വലിയ റഷ്യന്‍ ബാങ്കുകളുടെ ആസ്തികള്‍ തടയുമെന്നും കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കയും സഖ്യകക്ഷികളും പറഞ്ഞു. നാറ്റോയുടെ കിഴക്കന്‍ ഭാഗത്തുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ച് ബാള്‍ട്ടിക് സംസ്ഥാനങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്‌തോണിയ എന്നിവയ്ക്ക് അമേരിക്കന്‍ സൈന്യസഹായം ലഭിച്ചിട്ടുണ്ട്.
നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കാന്‍ ആരംഭിച്ചാല്‍ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇപ്പോള്‍ റഷ്യയെ തടഞ്ഞില്ലെങ്കില്‍ അമേരിക്ക അതിന് ശ്രമിക്കുമെന്നും ബൈഡന്‍ ഊന്നിപ്പറഞ്ഞു. ‘ യുക്രേനിയന്‍ പ്രസിഡന്റ് വോലോഡിമര്‍ സെലന്‍സ്‌കിയുമായി സംസാരിച്ചു, യുക്രെയ്നിലെ ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനായി മാനുഷിക സഹായം വാഗ്ദാനം ചെയ്തു,” ബൈഡന്‍ പറഞ്ഞു.
യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 16 കിലോ മീറ്റര്‍ അകലെ റഷ്യയുടെ നീക്കം നടക്കുന്നതു വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തുടര്‍ന്നായിരുന്നു റഷ്യ യുക്രൈനു നേരെ മിസൈല്‍ ആക്രമണം ആരംഭിച്ചത്. റഷ്യയുടെ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി യുക്രൈനെ ആക്രമിക്കുകയായിരുന്നു