Wednesday, May 14, 2025

അതിര്‍ത്തിയില്‍ റഷ്യന്‍ പ്രകോപനം ശക്തം; ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ട്; കീവില്‍ സ്‌ഫോടനങ്ങള്‍

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധന നടപടികള്‍ യുക്രൈന്‍ ഊര്‍ജിതമാക്കി. അതിര്‍ത്തിയില്‍ റഷ്യന്‍ പ്രകോപനം ശക്തമായതോടെയാണിത്. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ദേശീയ സുരക്ഷാ സമിതി നിര്‍ദേശിച്ചു. ഇതിനിടെ റഷ്യയിലുള്ള പൗരന്‍മാരോട് രാജ്യം വിടാന്‍ യുക്രൈന്‍ നിര്‍ദേശം നല്‍കി. ഇതേസമയം യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം തുടങ്ങിയെന്നും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടിടങ്ങളില്‍ സ്‌ഫോടനം ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ ശാന്തമാക്കാനും സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനും പ്രത്യേക നിയന്ത്രണങ്ങള്‍ ബാധകമാകുമെന്നാണ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. രണ്ടുലക്ഷത്തോളം റിസര്‍വ് സൈനികരോട് ജോലിയില്‍ പ്രവേശിക്കാന്‍ തയാറായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

റഷ്യയാകട്ടെ, യുക്രൈനില്‍ നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കലും ആരംഭിച്ചു. യുക്രൈനില്‍ എത്രയും വേഗം അധിനിവേശം തുടങ്ങാനാണ് റഷ്യന്‍ നീക്കമെന്ന് യുക്രൈന്‍ ഭരണകൂടം ആരോപിച്ചു. അധിനിവേശ നീക്കത്തില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ രാജ്യാന്തര സമൂഹം തടയണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. പുടിനെ തടയാന്‍ വൈകുംതോറും യുക്രൈന്‍ അപകടത്തിലേക്ക് നീങ്ങുകയാണെന്നും പ്രതിനിധികള്‍ അറിയിച്ചു.

യുക്രൈന്‍ അതിര്‍ത്തിയില്‍ ഏകദേശം രണ്ട് ലക്ഷം സൈനികരേയും യുദ്ധവാഹനങ്ങളേയും റഷ്യ വിന്യസിച്ചിട്ടുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു. ഏതു നിമിഷവും യുദ്ധമുണ്ടാകുമെന്നും സര്‍വശക്തിയും എടുത്ത് പ്രതിരോധിക്കുമെന്നും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.

റഷ്യം യുദ്ധം പ്രഖ്യാപിച്ചതോടെ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞു. സെന്‍സെക്‌സ് 1,428 പോയിന്റ് താഴ്ന്ന് 55,803ലെത്തി. നിഫ്റ്റി 413 പോയിന്റ് താഴ്ന്ന് 16,647ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള ഓഹരിവിപണികളില്‍ ഭൂരിഭാഗവും നഷ്ടത്തിലായി. പ്രതിസന്ധി തുടര്‍ന്നാല്‍ പല അവികസിത -വികസ്വര രാജ്യങ്ങളിലും കടുത്ത ഭക്ഷ്യ ക്ഷാമത്തിനും കലാപത്തിനുംവരെ സാധ്യതയുണ്ടെന്നാണു വിലയിരുത്തലുകള്‍.

റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറംകക്ഷികള്‍ ഇടപെടേണ്ടെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കിയിട്ടുണ്ട്. നിങ്ങള്‍ ഇടപെടുന്നപക്ഷം, നിങ്ങള്‍ ആരും ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പുടിന്‍ പറഞ്ഞു.

 

 

Latest News