യുക്രൈനുമായുള്ള യുദ്ധത്തിന്റെ നിർണ്ണായക നിമിഷത്തിൽ സൈന്യത്തിന്റെ വിപുലീകരണത്തിനായി പുതിയ തീരുമാനമെടുത്ത് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സൈനിക സേവനത്തിനായി 1,60,000 പുരുഷന്മാരെയാണ് പുടിൻ റഷ്യൻ സൈന്യത്തിലേക്കു വിളിച്ചിരിക്കുന്നത്. വർഷങ്ങളായി റഷ്യയുടെ സൈന്യത്തിലേക്കുള്ള ഏറ്റവും വലിയ നിർബന്ധിത നിയമനങ്ങളിലൊന്നാണ് നടക്കുന്നത്.
രാജ്യത്തിന്റെ രണ്ടുതവണ വാർഷിക നിർബന്ധിത നിയമനശ്രമത്തിന്റെ ഏറ്റവും പുതിയ ഘട്ടത്തിന് അംഗീകാരം നൽകുന്ന ഒരു ഉത്തരവിൽ പുടിൻ ഒപ്പുവച്ചിരിക്കുകയാണ്. പുതിയ സമയം ചൊവ്വാഴ്ച ആരംഭിച്ച് ജൂലൈ 15 വരെ നീണ്ടുനിൽക്കും. റഷ്യൻ സ്റ്റേറ്റ് മീഡിയ ഏജൻസിയായ ടാസ്സിന്റെ റിപ്പോർട്ട് പ്രകാരം 18 നും 30 നുമിടയിൽ പ്രായമുള്ള 1,60,000 പുരുഷന്മാർ റഷ്യയുടെ സായുധസേനയിൽ ചേരും. കഴിഞ്ഞ വർഷത്തെ വസന്തകാല നീക്കത്തെക്കാൾ പതിനായിരം എണ്ണത്തിന്റെ വർധനവും മൂന്നുവർഷം മുമ്പുള്ളതിനെക്കാൾ 15,000 ത്തിലധികം വർധനവുമാണ് ഇത്.
റഷ്യയിൽ നിർബന്ധിത സൈനികസേവനം പുതിയ കാര്യമല്ല. റഷ്യയുടെ സൈന്യത്തിന്റെ വലുപ്പം മൊത്തത്തിൽ വർധിപ്പിക്കാനുള്ള പുടിന്റെ ശ്രമങ്ങളാണ് ഈ വർധനവിനു കാരണമെന്ന് ടാസ് റിപ്പോർട്ട് ചെയ്തു. മൂന്നുവർഷം മുൻപ് രാജ്യത്ത് ഒരു ദശലക്ഷം സൈനികർ ഉണ്ടായിരുന്നത് ഇപ്പോൾ ഏകദേശം 1.5 ദശലക്ഷമുണ്ട്.
പുതിയ നീക്കം റഷ്യയുടെ യുക്രൈൻ യുദ്ധത്തിലെ ഒരു നിർണ്ണായക വഴിത്തിരിവാണ്. നിർബന്ധിത സേവനത്തിനായി ഡ്രാഫ്റ്റ് ചെയ്തവരെ ശരിയായ പരിശീലനമില്ലാതെ സജീവമായ പോരാട്ടമേഖലകളിലേക്ക് അയയ്ക്കുന്നത് റഷ്യൻ നിയമം വിലക്കുന്നുണ്ട്. യുക്രൈനിലേക്ക് നിർബന്ധിത സൈനികരെ അയയ്ക്കരുതെന്നാണ് ഔദ്യോഗിക നിലപാടെങ്കിലും യുക്രൈനിലെ മുൻനിരയിലേക്ക് വിന്യസിക്കുന്നതിലേക്കു നയിക്കുന്ന കരാറുകളിൽ ഒപ്പിടാൻ നിർബന്ധിത സൈനികരെ സമ്മർദത്തിലാക്കുകയോ, തെറ്റിധരിപ്പിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.