Sunday, November 24, 2024

നാറ്റോ സഖ്യത്തില്‍ ചേരാനുള്ള പദ്ധതി ഉപേക്ഷിച്ചാല്‍ യുദ്ധം നിര്‍ത്താമെന്ന് ഉക്രെയ്നോട് പുടിന്‍

നാല് അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയും നാറ്റോ സഖ്യത്തില്‍ ചേരാനുള്ള പദ്ധതി ഉപേക്ഷിക്കുകയും ചെയ്താല്‍ ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാക്കാമെന്ന് ഉക്രെയ്നോട് വാഗ്ദാനം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മോസ്‌കോയിലെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രതികരണം.

2022 മുതല്‍ യുദ്ധം തുടരുന്ന ഉക്രെയ്നില്‍ സമാധാനത്തിലേക്കുള്ള സാധ്യമായ പാതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 90 ലധികം രാജ്യങ്ങളും സംഘടനകളും സ്വിറ്റ്സര്‍ലന്‍ഡില്‍ നാളെ സമ്മേളിക്കാനിരിക്കെയാണ് പുടിന്‍ ഓഫര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ഇറ്റലിയില്‍ ചേരുന്ന ജി7 ഉച്ചകോടി ഉക്രെയ്ന് 50 ബില്യണ്‍ ഡോളര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചിരുന്നു. യുദ്ധം മൂന്നാം വര്‍ഷത്തിലെത്തി നില്‍ക്കെ ഉക്രെയ്ന്‍ പ്രദേശത്തിന്റെ അഞ്ചിലൊന്ന് റഷ്യയുടെ നിയന്ത്രണത്തിലാണ്. ഈ അധിനിവേശ പ്രദേശം എന്നെന്നേക്കുമായി റഷ്യക്ക് വിട്ടുനല്‍കണമെന്നാണ് പുടിന്റെ ആവശ്യം. റഷ്യന്‍ സേനയുടെ പൂര്‍ണമായി പിന്‍വാങ്ങി പ്രാദേശിക അഖണ്ഡത പുനഃസ്ഥാപിച്ചാലേ സമാധാനം സ്ഥാപിക്കാന്‍ കഴിയൂ എന്ന് ഉക്രെയ്ന്‍ പറയുന്നു.

ഉക്രെയ്‌നെ സമാധാന ഉടമ്പടി അംഗീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും തലസ്ഥാന നഗരമായ കീവ് ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. ഉക്രെയ്‌നിലെ യുദ്ധം ജയിക്കാന്‍ ആണവായുധം ഉപയോഗിക്കില്ലെന്ന് ജൂണ്‍ എട്ടിന് പുടിന്‍ പറഞ്ഞിരുന്നു.

 

Latest News