ചൈനയുമായുള്ള റഷ്യയുടെ സമ്പൂര്‍ണ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് പ്രസിഡന്റ് പുടിന്. ഷാംഗ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് സമ്മേളനത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കൂടുതല്‍ സഹകരണത്തിന് ആഹ്വാനം. രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ പുടിന്-ഷി കൂടിക്കാഴ്ചയാണിത്.
റഷ്യ-ചൈനീസ് ബന്ധം ചരിത്രത്തിലെ ഏറ്റവും മികച്ചതാണെന്ന് കസാക്കിസ്ഥാനിലെ അസ്താനയില്‍ ബുധനാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയുടെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ പുടിന് പറഞ്ഞു. സമത്വം, പരസ്പര സഹകരണം, പരമാധികാരത്തോടുള്ള പരസ്പര ബഹുമാനം എന്നിവയില്‍ കൂട്ടിച്ചേര്‍ത്തതാണ് ചൈന-റഷ്യ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയും റഷ്യയും തന്ത്രപരമായ ഏകോപനം ശക്തിപ്പെടുത്തുന്നത് തുടരുകയും ബാഹ്യ ഇടപെടലുകളെ എതിര്‍ക്കുകയും ചെയ്യണമെന്ന് ഷി പറഞ്ഞു. ബ്രിക്സിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ ചുമതലകള്‍ നിറവേറ്റുന്നതിനും പുതിയ ശീതയുദ്ധം തടയുന്നതിനും നിയമവിരുദ്ധമായ ഏകപക്ഷീയമായ ഉപരോധങ്ങളെയും മേധാവിത്വത്തെയും എതിര്‍ക്കുന്നതിനും ചൈന റഷ്യയെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയിനില്‍, ചൈന എപ്പോഴും ചരിത്രത്തിന്റെ ശരിയായ വശത്താണ് നിലകൊള്ളുന്നതെന്നും സമാധാന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നല്ല ശ്രമങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും ഷി ആവര്‍ത്തിച്ചു.