Wednesday, May 14, 2025

അധിനിവേശ പ്രദേശങ്ങളിലെ പുടിന്‍റെ സന്ദര്‍ശനം; പരിഹസിച്ച് സെലന്‍സ്കിയുടെ വക്താവ്

അധിനിവേശ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ റഷ്യന്‍ പ്രസിഡന്‍റിനെ പരിഹസിച്ച് യുക്രൈന്‍. പ്രസിഡന്‍റ് സെലന്‍സ്കിയുടെ ഔദ്യോഗിക വക്താവ് മിഖാലിയോ പോഡോലിയാക്കാണ് പരിഹാസവുമായി രംഗത്തെത്തിയത്. യുക്രൈന്‍ നഗരങ്ങളായ ഖേഴ്സണ്‍, കിഴക്കന്‍ മേഖലയായ ലുഹാന്‍സിക് എന്നീ പ്രദേശങ്ങളാണ് പുടിന്‍ സന്ദര്‍ശിച്ചത്.

‘യുക്രൈന്‍ അധിനിവേശ മേഖലയിലെ കൂട്ടക്കുരുതിയും നാശനഷ്ടവും കണ്ട് രസിക്കാന്‍ നടത്തിയ സഞ്ചാരമായിരുന്നു പുടിന്‍റേത്’- മിഖാലിയോ പറഞ്ഞു. പുടിന്‍ സന്ദര്‍ശനം നടത്തിയ ഖേഴ്സണ്‍, ലുഹാന്‍സിക്, സപോറീഷ്യ, ഡോണെട്സ്ക് എന്നീ മേഖലകള്‍ റഷ്യയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്ന വാദവും അദ്ദേഹം തള്ളി. ഈ നാലു മേഖലകളുടേയും ഭാഗിക നിയന്ത്രണം മാത്രമാണ് റഷ്യക്ക് ഉള്ളതെന്നും മിഖാലിയോ കൂട്ടിച്ചേര്‍ത്തു.

നേരത്തെ റഷ്യ പിടിച്ചടക്കിയ മരിയുപോള്‍, ക്രമിയ എന്നീ നഗരങ്ങളില്‍ കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്‍റ് സന്ദര്‍ശിച്ചിരുന്നു. ഇതിനു തുടര്‍ച്ചയായാണ് പുതുതായി പിടിച്ചടക്കിയ മേഖലകളിലെ പുടിന്‍റെ സന്ദര്‍ശനം. ഈ മേഖലകളിലെ സൈനിക മേധാവികളുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി കിഴക്കന്‍ മേഖലയായ അവ്ഡിവ്ക് സന്ദര്‍ശിച്ച് സൈനികരുടെ ചെറുത്തു നില്‍പ്പിനെ അഭിനന്ദിച്ചതായും വാര്‍ത്തയുണ്ട്.

Latest News