ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്കരണത്തിനുളള സ്റ്റേ നീക്കി ഹൈക്കോടതി. പിവിസി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടുകൂടി ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും ഇനി സ്മാര്‍ട്ട് ആകും. കൂടാതെ മൈക്രോ ചിപ്പ് ഘടിപ്പിച്ച് സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുളള തീരുമാനം പിന്‍വലിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബെംഗളൂരുവുമായി പിവിസി കാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരാനും കോടതി അനുമതി നല്കി. പുതിയ കാര്‍ഡ് നിര്‍മ്മാണത്തിന് അനുമതി നല്കുമ്പോള് ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഇക്കാര്യത്തില്‍ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷന് ബെഞ്ച് നീക്കിയത്. 2019 ജനുവരി മുതല്‍ കേരളത്തിലെ എല്ലാ ആര്‍ടിഒ കേന്ദ്രങ്ങളിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കാര്‍ഡ് പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സ്റ്റേ വന്നതോടെ വിതരണം തടസപ്പെടുകയായിരുന്നു. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ സ്മാര്‍ട്ട് ലൈസന്‍സുകള്‍ ഉപയോക്താക്കള്‍ക്കു ലഭിച്ചു തുടങ്ങിയിട്ടുണ്ട്.