Monday, November 25, 2024

ഖത്തറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രി ഹമാസ് ഭീകരരുടെ താവളം: ഇസ്രയേല്‍ സൈനീക വക്താവ്

ഗാസ മുനമ്പില്‍ ഖത്തറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രി ഹമാസ് ഭീകരരുടെ താവളമാണെന്ന് ഇസ്രയേല്‍ ഐ.ഡി.എഫ് വക്താവിന്‍റെ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളടങ്ങുന്ന തെളിവുകള്‍ ഐ.ഡി.എഫ് വക്താവ് റിയർ അഡ്മിൻ ഡാനിയൽ ഹഗാരി ഞായറാഴ്ച പുറത്തുവിട്ടു. അന്താരാഷ്ട്ര മാധ്യമങ്ങൾക്കു നൽകിയ വാര്‍ത്താസമ്മേളനത്തിലാണ് ഐ.ഡി.എഫ് വക്താവ് തെളിവുകള്‍ പങ്കുവച്ചത്.

“ആശുപത്രിയുടെ മറവില്‍ ഹമാസ് ഭീകരര്‍ തീവ്രവാദത്തിനുള്ള സൗകര്യങ്ങള്‍ വികസിപ്പിച്ചിരിക്കുകയാണ്. ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നത്. വിവിധ എൻ‌.ജി‌.ഒകൾ ധനസഹായം നൽകി നിര്‍മ്മിച്ച ബെയ്റ്റ് ലാഹിയയിലെ ഇന്തോനേഷ്യൻ ആശുപത്രി ഹമാസ് ഭീകരതയുടെ അടിസ്ഥാന സൗകര്യത്തിനു മുകളിൽ നിർമ്മിച്ചതാണ്” ഹഗാരി പറഞ്ഞു. ആശുപത്രി നിർമ്മിക്കുന്നതിനു മുമ്പ് അവിടെ ഭൂഗർഭ തീവ്രവാദ കേന്ദ്രങ്ങളുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിന്റെ മുൻ അമീറിന്റെ പേരിൽ സ്ഥാപിതമായ ആശുപത്രിക്കുള്ളിൽ നിന്ന് ഇസ്രയേൽ സൈനികർക്കു നേരെ ഹമാസ് ഭീകരർ നിറയൊഴിക്കുന്ന ദൃശ്യങ്ങളും ഹഗാരി പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഗാസയിലെ സാധാരണക്കാരെ തെക്കന്‍ മേഖലകളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ഇസ്രയേൽ മുൻഗണന നൽകുന്നുണ്ടെന്നും ഐ.ഡി.എഫ് വക്താവ് അറിയിച്ചു. സിവിലിയൻമാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായി 1.5 ദശലക്ഷത്തിലധികം ലഘുലേഖകൾ സൈന്യം വിതരണം ചെയ്തതായും അറബിയിൽ ഏകദേശം 60 ലക്ഷം ഫോൺ സന്ദേശങ്ങൾ കൈമാറിയതായും ഹഗാരി വ്യക്തമാക്കി.

Latest News