ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്കിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ ഏകദേശ കണക്ക് പുറത്തുവിട്ട് ഖത്തർ. ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി സെക്രട്ടറി ഹസ്സൻ അൽ-തവാദി, ബ്രിട്ടീഷ് ടെലിവിഷൻ അവതാരകൻ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോകകപ്പിന് വേണ്ടിയുള്ള വിവിധ പ്രോജക്ടുകളിലായി 400നും 500നുമിടയിൽ തൊഴിലാളികൾ മരിച്ചിട്ടുണ്ടാകുമെന്നാണ് അൽ-തവാദി പറയുന്നത്.
എന്നാൽ കൃത്യമായ കണക്കുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനെ കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങളും മരണവും സംബന്ധിച്ച് നിരവധി ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നെങ്കിലും ആദ്യമായാണ് സംഘാടക സമിതിയുടെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടാകുന്നത്.
ലോകകപ്പിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ആയിരക്കണക്കിന് തൊഴിലാളികൾ മരിച്ചതായി ഗാർഡിയൻ ഉൾപ്പെടെ വിദേശ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഖത്തർ അത് നിഷേധിച്ചിരുന്നു. ആ വാദമാണ് അൽ തവാദിയുടെ വെളിപ്പെടുത്തലോടെ പൊളിയുന്നത്.