ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ എന്നിവയെ സംബന്ധിച്ചുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നത് അവസാനിപ്പിച്ച് ഖത്തർ. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ ഹമാസ് തീവ്രവാദി സംഘം നിരസിച്ചതിനെ തുടർന്നാണിത്.
ഖത്തറിന്റെ ഈ തീരുമാനത്തിന് പിന്നിൽ യുഎസ് സമ്മർദ്ദം ഉണ്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഹമാസ് തള്ളിയതിന് ശേഷം ഖത്തറിലെ ഹമാസ് പ്രതിനിധികളുടെ സാന്നിധ്യം വാഷിംഗ്ടൺ ഇനി അംഗീകരിക്കില്ലെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഖത്തർ നയം മാറ്റിയത്.
ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയ ഓഫീസ് അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നില്ല എന്നും അതിനാൽ തുടർന്നുള്ള ചർച്ചകളിൽ ഇടനിലക്കാരാകേണ്ടതില്ല എന്ന നിഗമനത്തിൽ ഖത്തർ അധികൃതർ എത്തുകയും ആയിരുന്നു എന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ എഎഫ്പിയോടും റോയിട്ടേഴ്സിനോടും പറഞ്ഞു.
ഒബാമ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് 2012 മുതൽ ഖത്തർ തലസ്ഥാനത്ത് ഹമാസിന്റെ ഒരു കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ 10 ദിവസം മുമ്പ് ഹമാസിന്റെ രാഷ്ട്രീയ ഓഫീസ് അടച്ചുപൂട്ടാൻ ഖത്തർ സർക്കാർ സമ്മതിച്ചതായി റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അജ്ഞാതൻ വെളിപ്പെടുത്തുന്നു.
ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിൽ ഒരു വർഷം നീണ്ടുനിന്ന യുദ്ധത്തിൽ വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ ഇതുവരെ നടന്ന പരാജയപ്പെട്ട ചർച്ചകളിൽ യുഎസിനും ഈജിപ്തിനും ഒപ്പം ഖത്തറുകളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ഈ ബന്ധത്തിൽ മാറ്റത്തിന്റെ തെളിവുകൾ വർദ്ധിച്ചുവരികയാണ്.