Friday, April 4, 2025

ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ മത്സരങ്ങള്‍ നാളെ: പ്രതീക്ഷയോടെ ടീമുകള്‍

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ലോകകപ്പിലെ അവസാന നാല് ടീമുകൾ ആരെന്ന് അറിയാനുള്ള ആവേശത്തിലാണ് ഫുട്ബോള്‍ ആരാധകര്‍. ഇന്ത്യൻ സമയം രാത്രി 8.30 ന് എഡുക്കേഷൻ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ആദ്യ മത്സരത്തില്‍ ബ്രസീലും-ക്രൊയേഷ്യയും തമ്മിലാണ് പോരാട്ടം.

ഫുട്ബോള്‍ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ടീമുകളാണ് നാളെ കളത്തിലിറങ്ങുന്നത്.
ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കുക എന്നതാണ് ബ്രസീലിന്‍റെ ലക്ഷ്യം. എന്നാല്‍ കാനറികള്‍ ഏറ്റുമുട്ടുന്നത് കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ക്രൊയേഷ്യയെയാണ് എന്നത് കളിയുടെ വീര്യം കൂട്ടുമെന്നാണ് പ്രതിക്ഷ.

നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ അര്‍ജന്റീന നെതർലൻഡ്‌സിനെയാണ് നേരിടുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലും അർജന്റീനയും തങ്ങളുടെ മത്സരങ്ങളിൽ ജയിക്കുകയാണെങ്കിൽ ഫുട്ബോള്‍ പ്രേമികളുടെ സ്വപ്‌ന പോരാട്ടത്തിനാവും ഖത്തറിൽ അരങ്ങൊരുങ്ങുക. സെമിയിൽ ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടുകയാണെങ്കിൽ ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടമായിരിക്കും ഇത്.

അതേസമയം, ക്വാർട്ടർ മത്സരങ്ങളുടെ രണ്ടാം ദിനമായ ഡിസംബർ 10 ശനിയാഴ്‌ച പോർച്ചുഗലും, ഫ്രാൻസും, ഇംഗ്ലണ്ടും അടക്കമുള്ള ടീമുകൾ കളത്തിലിറങ്ങും. ആദ്യ മത്സരത്തിൽ മൊറോക്കോയെയാണ് ക്രിസ്‌റ്റ്യാനോയുടെ പോർച്ചുഗൽ നേരിടുക. ഇന്ത്യൻ സമയം 8.30 നാണ് മത്സരം. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടും, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടും.

Latest News