എഴുപത് വര്‍ഷത്തിലധികം ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്തിന് (96) വിട നല്‍കി ലോകം. സെപ്തംബര്‍ എട്ടിന് അന്തരിച്ച അവര്‍ക്ക് പത്തുദിവസം നീണ്ട ചടങ്ങുകള്‍ക്കൊടുവില്‍ പ്രൗഢഗംഭീരമായ ചടങ്ങോടെ ബ്രിട്ടന്‍ യാത്രാമൊഴി ഏകി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവടക്കം അഞ്ഞൂറ് ലോകനേതാക്കള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളംപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തില്‍ അന്തരിച്ച രാജ്ഞിയുടെ മൃതദേഹം ലണ്ടനിലെത്തിച്ച് പാര്‍ലമെന്റിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ പതിനായിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തിങ്കള്‍ രാവിലെ 6.30 വരെയായിരുന്നു പൊതുദര്‍ശനം.
ബിഗ് ബെന്‍ ഘടികാരം നിശ്ശബ്ദമാവുകയും പ്രാര്‍ഥനാഗീതം മുഴങ്ങുകയും ചെയ്തതോടെ ഔദ്യോഗിക ചടങ്ങുകള്‍ക്കായി മൃതദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ എത്തിച്ചു. മകനും രാജാവുമായി ചാള്‍സ് മൂന്നാമന്റെ നേതൃത്വത്തില്‍ മൃതദേഹത്തെ അനുഗമിച്ചു. ലണ്ടന്‍ നിരത്തുകളില്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിച്ച് ചടങ്ങുകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ബൈബിള്‍ വായിച്ചു.
ശേഷം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍നിന്ന് ലണ്ടനെ ചുറ്റി അന്തിമ ചടങ്ങുകള്‍ നടന്ന വിന്‍സര്‍ കൊട്ടാരത്തിലേക്കുള്ള 40 കിലോമീറ്റര്‍ നീണ്ട അന്ത്യയാത്ര ദര്‍ശിക്കാനും വന്‍ ജനക്കൂട്ടമെത്തി. വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലിലെ കിങ് ജോര്‍ജ് ആറാമന്‍ ചാപ്പലില്‍ ഭര്‍ത്താവ് ഫിലിപ്പിന്റെ കുഴിമാടത്തോട് ചേര്‍ന്നാണ് എലിസബത്തിനെയും അടക്കം ചെയ്തത്.
ഔദ്യോഗിക ചടങ്ങിന് ശേഷം തിങ്കള്‍ വൈകി നടന്ന അവസാന പ്രാര്‍ഥന ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് കുടുംബാംഗങ്ങള്‍ മാത്രമാണ് സാക്ഷ്യം വഹിച്ചത്.
ചടങ്ങിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ടാന്‍സാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.