Wednesday, February 19, 2025

ഹാർവാർഡ് സര്‍വ്വകലാശാല പ്രവേശനത്തില്‍ വംശീയ വിവേചനം: യുഎസ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു

ഹാർവാർഡ് സര്‍വ്വകലാശാല പ്രവേശനത്തില്‍ വംശീയ വിവേചനം നടക്കുന്നതായി പരാതി ഉയര്‍ന്നതിനു പിന്നാലെ യുഎസ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. അമേരിക്കയിലെ മൂന്ന് പൗരാവകാശ ഗ്രൂപ്പുകള്‍ ജൂലൈ ആദ്യം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. ഹാർവാർഡിന് സംഭാവനകൾ നൽകുന്നവർക്കും പൂർവ വിദ്യാർഥികളുമായി ബന്ധമുള്ളവർക്കും അനുകൂലമായി നടത്തുന്ന ‘ലെഗസി’ പ്രവേശന പ്രക്രിയയുടെ മറവിൽ വിവേചനം നടക്കുന്നുണ്ടെന്നാണ് ആരോപണം.

‘ലെഗസി’ ബിരുദ അപേക്ഷകർക്ക് ഹാർവാർഡ് നൽകുന്ന മുൻഗണന അവര്‍ ചൂഷണം ചെയ്യുന്നതായും ഇത് ഫെഡറൽ പൗരാവകാശ നിയമത്തിന്റെ ലംഘനമായും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ലെഗസി പ്രവേശന പ്രക്രിയയിലൂടെ അഡ്മിഷൻ ലഭിച്ചവരില്‍ 70 ശതമാനവും വെള്ളക്കാരാണെന്നാണ് സർവകലാശാല അഡ്മിഷന്‍ റെക്കോഡുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ആറ് മുതൽ ഏഴ് മടങ്ങ് വരെ സാധാരണ അപേക്ഷകരേക്കാൾ പ്രവേശനം നേടുന്നതും ഇവരാണെന്നും പരാതിയിൽ പറയുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചത്.

അതേസമയം, വെള്ളക്കാരല്ലാത്ത കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കാൻ ഹാർവാർഡ് കോളേജും നോർത്ത് കരോലിന സർവകലാശാലയും സ്വീകരിച്ച സംവരണ നയങ്ങൾ സുപ്രീംകോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഇതോടെ ലെഗസി അഡ്മിഷൻ പോളിസികൾ ഉപയോഗിച്ചിരുന്ന പല കോളേജുകളും ജൂൺ മുതൽ ഈ പ്രക്രിയ അവസാനിപ്പിച്ചിരുന്നു. വെസ്‌ലിയൻ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് മിനസോട്ടയുടെ ട്വിൻ സിറ്റിസ് ക്യാമ്പസും ലെഗസി അഡ്മിഷൻ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്ന് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു.

Latest News