Friday, January 31, 2025

കളിമണ്‍ കോര്‍ട്ടില്‍ 14-ാ0 കിരീടമുയര്‍ത്തി നദാല്‍; 22 ാം ഗ്രാന്‍ഡ്സ്ലാമിലൂടെ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍

കളിമണ്‍ കോര്‍ട്ടിലെ രാജാവ് താന്‍ തന്നെയെന്ന് വീണ്ടും ഉറക്കെ പ്രഖ്യാപിച്ച് റാഫേല്‍ നദാല്‍. പാരിസിലെ റോളണ്ട് ഗാരോസില്‍ 14ാ0 തവണയും കിരീടമുയര്‍ത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട റാഫ. പരിക്ക് ഭീഷണികളുണ്ടായിരുന്ന താരം കിരീടം നേടുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും ആ സംശയങ്ങള്‍ക്കെല്ലാം അറുതിവരുത്തിക്കൊണ്ട് റോളണ്ട് ഗാരോസില്‍ കിരീടമുയര്‍ത്തിക്കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ എതിരാളികളെ തകര്‍ത്ത് മുന്നേറിയ ലോക അഞ്ചാം നമ്പര്‍ താരം ഫ്രഞ്ച് ഓപ്പണുകളിലെ തന്റെ റെക്കോര്‍ഡ് കുതിപ്പിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി എഴുതിച്ചേര്‍ക്കുകയായിരുന്നു.

ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെതിരെ നേരിട്ടുള്ള മൂന്ന് സീറ്റുകളുടെ ജയമാണ് നദാല്‍ സ്വന്തമാക്കിയത്. സ്‌കോര്‍ 6-3, 6-3, 6-0. റൂഡിനെ പരാജയപ്പെടുത്തി കിരീടമുയര്‍ത്തിയ നദാല്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന പ്രായമേറിയ പുരുഷ താരമെന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. 36 വയസ്സിലും തകര്‍പ്പന്‍ ഫോമില്‍ കുതിക്കുന്ന നദാല്‍, കരിയറില്‍ തന്റെ 22-ാ0 ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണ് സ്വന്തമാക്കിയത്. ഇതോടെ 20 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ വീതമുള്ള തന്റെ സമകാലികരായ റോജര്‍ ഫെഡററേയും നൊവാക് ജോക്കോവിച്ചിനേക്കാളും രണ്ട് പടി മുന്നിലെത്താനും നദാലിന് കഴിഞ്ഞു.

ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തിയ താരം സെമിയില്‍ അലക്സാണ്ടര്‍ സ്വരേവിനേയും മറികടന്നാണ് ഫൈനലിലേക്ക് എത്തിയത്. ആവേശകരമായ സെമി പോരാട്ടത്തിനിടെ പരിക്ക് പറ്റിയതോടെ സ്വരേവ് മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

ഫൈനലില്‍ റൂഡിനെതിരെ നേടിയ ജയത്തോടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളിലെ തന്റെ പെര്‍ഫെക്ട് റെക്കോര്‍ഡ് നീട്ടിയെടുക്കാനും താരത്തിന് കഴിഞ്ഞു. ഇന്നലത്തേതടക്കം ഇറങ്ങിയ 14 ഫൈനല്‍ പോരാട്ടങ്ങളിലും കിരീടം നേടിയാണ് നദാല്‍ തിരിച്ചുകയറിയത്.

 

Latest News