Monday, November 25, 2024

ഭക്ഷ്യക്ഷാമത്തില്‍ റാഫ അതിര്‍ത്തി

റാഫ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രായേല്‍ സൈന്യം ഏറ്റെടുത്തതോടെ ജനങ്ങള്‍ കനത്ത പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്. കരയാക്രമണം ആരംഭിച്ചതോടെ നിരവധി ആളുകള്‍ റാഫക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടെന്നും ഈ മേഖലകളില്‍ ഇനി ശേഷിക്കുന്നത് ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മെയ് ആറിന് റാഫയുടെ നിയന്ത്രണം ഇസ്രായേല്‍ പൂര്‍ണമായി ഏറ്റെടുത്തതില്‍ പിന്നെ ഗാസയിലേക്കുള്ള സഹായങ്ങള്‍ നിലച്ചെന്ന് ഐക്യരാഷട്ര സഭയുടെ പലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി വക്താവ് ജൂലിയറ്റ് ടൂമ പറഞ്ഞു.

‘മെയ് ആറിന് ശേഷം വെറും ആറ് ട്രക്കുകള്‍ മാത്രമാണ് ഭക്ഷണങ്ങളുമായി ഗാസയിലേക്ക് പ്രവേശിച്ചത്. ഇത് ഭക്ഷ്യ സാധനങ്ങള്‍ കുറയുന്നതിനും വില കുതിച്ചുയരുന്നതിനും കാരണമായിട്ടുണ്ട്. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് ഗസയെ എത്തിക്കുക,’ ജൂലിയറ്റ് ടൂമ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇസ്രായേല്‍ ആക്രമണം നടത്തിയതിന് ശേഷം ഏകദേശം നാല് ലക്ഷത്തിലധികം ആളുകള്‍ തെക്കന്‍ ഗസയില്‍ നിന്ന് പലായനം ചെയ്തെന്നാണ് ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ഇവര്‍ക്ക് പോകാന്‍ സുരക്ഷിതമായ ഒരു സ്ഥലമില്ലെന്നും പലരും ഖാന്‍ യൂനിസിലേക്കും അല്‍ബലാഹിലേക്കുമാണ് പലായനം ചെയ്യുന്നതെന്നും കുടിയേറ്റ പ്രദേശങ്ങളെയും ഭക്ഷ്യക്ഷാമം ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടയിലും ഗാസയിലേക്കെത്തിയ സഹായ ട്രക്കുകളെ ഇസ്രായേലി കുടിയേറ്റക്കാര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജോര്‍ദാന്‍ സഹായ സംഘത്തിന് നേരെ തിങ്കളാഴ്ചയാണ് ഇസ്രായേലി കുടിയേറ്റക്കാര്‍ ആക്രമണം നടത്തിയത്.

 

Latest News