രണ്ടു മാസമായി സംഘര്‍ഷം തുടരുന്ന മണിപ്പൂരിലേക്ക് നിര്‍ണ്ണായക സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുറപ്പെട്ടു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കാനും അക്രമബാധിതരായ സമൂഹങ്ങള്‍ക്ക് പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് രാഹുലിന്റെ സന്ദര്‍ശനം. അക്രമസംഭവങ്ങളെ തുടര്‍ന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് വിവരം.
മെയ് മൂന്നിന് അക്രമം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി വടക്കുകിഴക്കന്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നത്. ഏകദേശം രണ്ടു മാസമായി കലാപം നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ജനതക്ക് സംഘട്ടനത്തില്‍ നിന്ന് സമാധാനത്തിലേക്ക് നീങ്ങാന്‍ ഒരു രോഗശാന്തി സ്പര്‍ശമായി രാഹുലിന്റെ ദ്വിദിന സന്ദര്‍ശനം മാറുമെന്നാണ് വിലയിരുത്തല്‍. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം സിവില്‍ സൊസൈറ്റി പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
അതേസമയം, വംശീയകലാപം ആരംഭിച്ചതു മുതല്‍ 50,000-ഓളം ആളുകള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളമുള്ള 300-ലധികം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.